കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിനെതിരെ വിദ്യാർഥികൾ. ക്ലാസുകൾ തുടങ്ങും മുമ്പേ എംബിഎ നാലാം സെമസ്റ്റർ പരീക്ഷ നടത്താൻ തീരുമാനിച്ചെന്നാണ് പരാതി. എന്നാൽ അക്കാദമിക് കലണ്ടർ അനുസരിച്ചാണ് പരീക്ഷാ നടത്തിപ്പെന്നാണ് സർവകലാശാലയുടെ വിശദീകരണം.
തിരുവനന്തപുരം ഐസിഎം കോളേജിലെ മൂന്നാം സെമസ്റ്റർ എംബിഎ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മെയ് മാസം ആരംഭിച്ച മൂന്നാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകും മുമ്പ് പുതിയ പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്ററിലെ ക്ലാസുകളൊന്നും നൽകാതെയാണ് പരീക്ഷാ ടൈംടേബിൾ പുറപ്പെടുവിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
21ന് നാലാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാൽ മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നതോ ജൂലൈ 28നും. ഓൺലൈൻ രജിസ്ട്രേഷനുള്ള വിവരങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചതോടെ വിദ്യാർഥികൾ പ്രതിസന്ധിയിലാണ്.
അക്കാദമിക് കലണ്ടറിനനുസരിച്ചാണ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചത്. എല്ലാ കോളേജുകളും നാലാം സെമസ്റ്ററിലെ ക്ലാസുകൾ നൽകി കഴിഞ്ഞു. മൂന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിലുണ്ടായ കാലതാമസമാണ് വിവാദത്തിന് കാരണമെന്നുമാണ് സംഭവത്തിൽ സർവകലാശാലയുടെ വിശദീകരണം.