തിരുവനന്തപുരം: കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾ അനുവദിക്കാത്തതിൽ വിസിക്കെതിരെ വിദ്യാർഥികൾ. ഫണ്ട് അനുവദിക്കാത്തത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിദ്യാർഥികൾ പറയുന്നു. 10 ലക്ഷം വരെയുള്ള തുകകൾ വിസിക്ക് അനുവദിക്കാം. യൂണിയൻ കാലാവധി കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കുന്നില്ല. അനാവശ്യമായ സമിതികളിലേക്ക് ബില്ലുകൾ നീക്കി വയ്ക്കുകയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് കൃത്യമായി ചേരുന്നില്ല. വൈസ് ചാൻസലറുടേത് വിദ്യാർഥി വിരുദ്ധ നിലപാടാണ്. കഴിഞ്ഞ മാസം സംഘടിപ്പിച്ച പരിപാടികളുടെ കുടിശിക ഇപ്പോഴും നിലനിൽക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. കാര്യവട്ടം ക്യാംപസിലെ ഗവേഷക, ഡിപ്പാർട്ട്മെൻ്റസ് യൂണിയൻ പ്രതിനിധികളാണ് വിസിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഒൻപത് ലക്ഷം രൂപയുടെ ബില്ലാണ് കഴിഞ്ഞ ദിവസത്തെ സിൻഡിക്കേറ്റ് യോഗത്തിൽ വിസിയുടെ പരിഗണനയ്ക്കെത്തിയത്. യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാറുടെ സസ്പെൻഷൻ മാത്രമാണ്. തർക്കത്തെ തുടർന്ന് മറ്റ് അജണ്ടകൾ പരിഗണിക്കാതെ വി.സി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. അടുത്ത സിൻഡിക്കേറ്റ് യോഗം എന്ന് ചേരുമെന്നുപോലും സർവകലാശാല അധികൃതർ അറിയിച്ചിട്ടില്ല.