തിരുവനന്തപുരം: ജോലിസമ്മര്‍ദ ആക്ഷേപങ്ങള്‍ക്കിടെ കോഴിക്കോടും പാലക്കാടുമടക്കമുള്ള ജില്ലകളില്‍ ബിഎല്‍ഒമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സബ് കളക്ടര്‍മാരാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നടപടി ഫോമുകള്‍ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഏല്‍പ്പിച്ച ജോലി നിരുത്തരവാദപരമായി കൈകാര്യം ചെയ്‌തെന്നാണ് നോട്ടീസില്‍.
എന്യുമറേഷന്‍ ഫോമുകള്‍ അടിയന്തരമായി തീര്‍ക്കേണ്ടതാണെന്നും നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ ഇതിനകം നിര്‍ദേശിച്ചിട്ടുള്ളതാണെന്നും തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കകം നൈറ്റ് ക്യാംപയിന്‍ അടക്കം നടത്തി 100 ശതമാനം ഫോമുകള്‍ വിതരണം ചെയ്യാത്തപക്ഷം ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കുന്നു എന്നും പാലക്കാട് സബ് കളക്ടര്‍ ബിഎല്‍ഒമാര്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു.
കണ്ണൂര്‍ പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് ജോലി സമ്മര്‍ദം കാരണമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എസ്‌ഐആര്‍ ഫോമുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നെന്ന് അനീഷ് വീട്ടുകാരോട് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തും ബിഎല്‍ഒമാര്‍ ഫോം വിതരണം നിര്‍ത്തിവെച്ചടക്കം പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ട്.
ഇതിനിടെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം സംബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടിയും നല്‍കി.
എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കുന്ന വിഷയം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തില്‍ പരിഗണിക്കാന്‍ കഴിയുന്ന വിഷയമല്ല. അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണെന്ന വിവരം അറിയിക്കുന്നെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ മറുപടി.