Source: Social Media
KERALA

സുധാകരനും അടൂരിനും സീറ്റില്ല; എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് എഐസിസി

കോൺഗ്രസിൻ്റെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വിടാനിരിക്കെയാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

നിയമസഭാ സീറ്റ് ചർച്ചകൾക്കൊടുവിൽ കെ.സുധാകരനേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച് എഐസിസി. ഇന്ന് കോൺഗ്രസിൻ്റെ രണ്ടാം പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. പുലർച്ചെ 2.30 വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണ് കെ.സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകേണ്ടെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.

കോൺഗ്രസിൻ്റെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തു വിടാനിരിക്കെയാണ് തീരുമാനം. എന്നാൽ ഈ പട്ടികയും അന്തിമമല്ല. 40 സീറ്റുകൾ പ്രഖ്യാപിക്കാൻ ബാക്കിയുള്ളതിൽ 5 സീറ്റുകൾ ഒഴികെയുള്ള സീറ്റുകളിലാണ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കണ്ണൂരിൽ ടി.ഒ. മോഹനനേയും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനേയും മത്സരിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.

95 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങുന്ന കോൺഗ്രസിലെ 55 സ്ഥാനാർഥികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ ഒഴിച്ചിടുന്ന 5 സീറ്റുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയ്ക്കും സീറ്റ് നൽകില്ലെന്നാണ് സൂചന.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് കേരളാ ഹൗസിൽ നിന്നും കെ.സുധാകരൻ ഇന്നലെ എൻഎൽസി സർട്ടിഫിക്കേറ്റ് വാങ്ങാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് സുധാകരൻ്റെ സ്റ്റാഫംഗങ്ങൾ കേരള ഹൗസിൽ എത്തുകയും ചെയ്തിരുന്നു. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ കെ.സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

SCROLL FOR NEXT