Source: Files
KERALA

"എസ്ഐക്കും എസ്എച്ച്ഒയ്ക്കും നേരെ നടപടി വേണം"; സുഗതൻ്റെ അറസ്റ്റിൽ മന്ത്രിയെ കാണാൻ മേയർ വി.വി. രാജേഷ്

വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്തതിൽ മേയർ വി.വി. രാജേഷ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇന്ന് നേരിട്ട് കാണും. വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയോട് ആവശ്യപ്പെടാനാണ് ഇന്ന് കൂടിക്കാഴ്ച നടത്തുക.

അതേസമയം സുഗതന്റെ അറസ്റ്റിൽ രാഷ്ട്രീയ പ്രത്യാരോപണങ്ങളും സജീവമാണ്. പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചപ്പോൾ വട്ടിയൂർക്കാവ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ കെ. മുരളീധരൻ വെടി വയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് പ്രതികരിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ജനപ്രതിനിധിയെ കൗൺസിലർ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നാണ് സിപിഐഎം നിലപാട്. സുഗതന്റെ രാജി ആവശ്യപ്പെട്ട് പതിനഞ്ചാം തീയതി തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്. എന്നാൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് ബിജെപി നീക്കം.

കഴിഞ്ഞ മാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സുഗതൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതൻ്റെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്എച്ച്ഒ വിപിനും എസ്ഐ അഭിജിത്തിനും പരിക്കേറ്റിരുന്നു.

SCROLL FOR NEXT