KERALA

സുഹേലി ദ്വീപ് ബോട്ട് അപകടം: രണ്ട് പൊലീസുകാരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് കുടുംബം

ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളും മറ്റു സാങ്കേതിക പിന്തുണയും ഉൾപ്പെടെ സാധ്യമായ എല്ലാ വിഭവങ്ങളും തിരച്ചിലിനായി പ്രയോജനപ്പെടുത്തണം എന്ന് കുടുംബം ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപായ സുഹേലിക്ക് സമീപം പൊലീസ് ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ രണ്ട് ലക്ഷദ്വീപ് പൊലീസ് ഉദ്യോഗസ്ഥരെ ഇനിയും കണ്ടെത്താനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളും മറ്റ് സാങ്കേതിക പിന്തുണയും ഉൾപ്പെടെ സാധ്യമായ എല്ലാ വിഭവങ്ങളും തിരച്ചിലിനായി പ്രയോജനപ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 11ന് ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ബോട്ട് ശക്തമായ തിരമാലകളിലും കടൽ ചുഴലിക്കാറ്റിലും അകപ്പെട്ടത്. കവരത്തി സ്വദേശിയായ പൊലീസ് കോൺസ്റ്റബിൾ നബീൽ കെ.എം. (34), ആന്ത്രോത്തിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിൾ ഹിദായത്തുള്ള കെ.സി. (49) എന്നിവരെ കാണാതായിട്ടുള്ളത്. മൂന്നാമത്തെ ഉദ്യോഗസ്ഥനായ അമിനി ദ്വീപ് സ്വദേശിയായ ഉമർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ അദ്ദേഹം കവരത്തിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും അപകടത്തെക്കുറിച്ച് അറിയിക്കുകയും ചെയ്യുകയായിരുന്നു. കാണാതായ രണ്ട് പേർക്കായി വൻതോതിലുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല.

കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകണമെന്ന് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ പൊലീസ് സുപ്രണ്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നാവികസേന, കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ പൊലീസ് സേനകൾ, മത്സ്യത്തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരോട് അഭ്യർഥിച്ചു.

SCROLL FOR NEXT