KERALA

അത്രയും വലിയ മതില്‍ പരസഹായം കൂടാതെ ഗോവിന്ദച്ചാമി ചാടുന്നതെങ്ങനെ? കൈയ്യും കാലും വിറച്ചിട്ട് നില്‍ക്കാന്‍ വയ്യെനിക്ക്: സൗമ്യയുടെ അമ്മ

"ചാടിക്കടക്കണമെങ്കില്‍ കൂട്ടിന് ഒരാളില്ലാണ്ടെ സാധിക്കില്ലല്ലോ. ഒറ്റക്കൈയും വെച്ച് എങ്ങനെയാണ് അതിന് സാധിക്കുക"

Author : ന്യൂസ് ഡെസ്ക്

ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. പരസഹായം ലഭിക്കാതെ എങ്ങനെയാണ് ഒറ്റക്കൈ വെച്ച് ഇത്രയും വലിയ മതില്‍ ചാടിക്കടക്കാന്‍ കഴിയുകയെന്ന് സുമതി ചോദിക്കുന്നു.

തനിക്ക് കൈയ്യും കാലും വിറച്ചിട്ട് നില്‍ക്കാന്‍ കഴിയുന്നില്ല. ഗോവിന്ദച്ചാമിയുടെ മരണമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഉടന്‍ തന്നെ പിടികൂടണമെന്നും സൗമ്യയുടെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.

'കുറച്ചു നേരം മുന്നെയാണ് വിവരം അറിഞ്ഞത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ എന്നൊക്കെ പറഞ്ഞാല്‍ ഉയര്‍ന്ന മതിലും സുരക്ഷയും ഒക്കെ ഉണ്ടാവില്ലേ? ഇത് ചാടിക്കടക്കണമെങ്കില്‍ കൂട്ടിന് ഒരാളില്ലാണ്ടെ സാധിക്കില്ലല്ലോ. ഒറ്റക്കൈയും വെച്ച് എങ്ങനെയാണ് അതിന് സാധിക്കുക. ഒറ്റക്കൈയും വെച്ച് അതിലും വലിയ ക്രൂരത ചെയ്തയാളാണ് അവന്‍. എന്നാലും എന്ത് വലിപ്പമുള്ള മതിലുകളായിരിക്കും ജയിലിലേത്. അവനെ ഉടന്‍ പിടിക്കണം. കൈയ്യും കാലും വിറച്ചിട്ട് നില്‍ക്കാന്‍ പറ്റുന്നില്ലെനിക്ക്. അവന്റെ മരണമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. അതിനിടെയാണ് അവന്‍ ജയില്‍ ചാടിയത്. അവന്‍ ജയില്‍ ചാടിയെന്ന കാര്യം എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല,' സൗമ്യയുടെ അമ്മ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് സൗമ്യ കൊലക്കേസ് പ്രതി ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പി തകര്‍ത്ത് പുറത്തു കടന്ന പ്രതി മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ആകാശവാണിയുടെ സമീപത്തെ മതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിക്കുന്നു.

ജയില്‍ ചാടുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ ചാടിയത്. 10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

SCROLL FOR NEXT