കോൺഗ്രസ് എംഎൽഎമാർ 
KERALA

"സോഷ്യൽ മീഡിയയിൽ സജീവമാകൂ, ജെൻ സി മാധ്യമങ്ങളിലും ശ്രദ്ധ വേണം"; കോൺഗ്രസ് എംഎൽഎമാർക്ക് നിർദേശങ്ങളുമായി സുനിൽ കനഗോലു

പുതിയ രാഷ്ട്രീയ തന്ത്രത്തിന് പ്രായഭേദമില്ലെന്നും ടീം ഓർമപ്പെടുത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമാകാൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദേശം നൽകി രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘം. പുതിയ സാങ്കേതികവിദ്യകളും ഇതിനായി ഉപയോഗിക്കണമെന്നാണ് നിർദേശം. ജെൻ സി മാധ്യമങ്ങളിലും അധിക ശ്രദ്ധ ചെലുത്താൻ നിർദേശമുണ്ട്.

ചെയ്യുന്ന നല്ല കാര്യങ്ങൾ ഒക്കെ എല്ലാവരെയും അറിയിക്കണം. മണ്ഡലത്തിൽ ഉള്ളവർ മാത്രം അറിഞ്ഞാൽ പോരാ നാട്ടുകാർ മുഴുവൻ അറിയണം. ഉദ്ഘാടനം, വികസന പ്രവർത്തനങ്ങൾ അങ്ങനെ സകലതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കണം. ഇതാണ് സുനിൽ കനഗോലു സംഘം കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദേശം.

ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി ജെൻ സി മാധ്യമങ്ങളിൽ അടക്കം എല്ലാവരും സജീവമാകണം. തെരഞ്ഞെടുപ്പിന് മുൻപ് എംഎൽഎ ഇവിടെയൊക്കെ ഉണ്ടെന്നും, ഇതൊക്കെ ചെയ്തുവെന്നും അറിയിക്കാൻ ഇതിലും നല്ല മാധ്യമം വേറെ ഇല്ലന്നാണ് കനഗോലു ടീം ഉപദേശം. ആനുകാലിക വിഷയങ്ങളിൽ ഉൾപ്പെടെ റീൽസും വീഡിയോകളും ചെയ്യണമെന്നും നിർദേശമുണ്ട്. ജനങ്ങൾ വെറുതെയുള്ള വീഡിയോകൾ കണ്ട് മടുത്തിരിക്കുകയാണ്. അപ്പോൾ സർഗാത്മകത കൂടി കൂട്ടി കലർത്തി വേണം വീഡിയോകൾ പോസ്റ്റ്‌ ചെയ്യാൻ. എന്നുവച്ചാൽ വീഡിയോകളിൽ വെറൈറ്റി വേണമെന്ന് ചുരുക്കം.

റീൽസും വീഡിയോകളും എല്ലാമെടുത്ത് സ്വന്തം പേജിൽ പങ്കുവെച്ചാൽ മാത്രം പോര. അതെല്ലാം എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യണം. അതിനായി വേണമെങ്കിൽ ഒരു ടീമിനെ തന്നെ നിയോഗിക്കണം. കഴിയുമെങ്കിൽ പാർട്ടിയും ഇത്തരം പ്ലാറ്റ്ഫോമുകൾ ഒരുക്കി കൊടുക്കണം. പുതിയ രാഷ്ട്രീയ തന്ത്രത്തിന് പ്രായഭേദമില്ലെന്നും ടീം ഓർമപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വരുദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറയാനാണ് കോൺഗ്രസ് എംഎൽഎമാരുടെ തീരുമാനം.

SCROLL FOR NEXT