കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ സുനിതാ വില്യംസിനെ സംഘാടകർ സ്വാഗതം ചെയ്തു. വിമാനത്താവളത്തിൽ നിന്നുള്ള സുനിതാ വില്യംസിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഭൂമിയെ വിശാലമായി കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സുനിത വില്ല്യംസ് പറഞ്ഞു. മനുഷ്യർ പരസ്പരം കലഹിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. നമ്മൾ ശ്വസിക്കുന്നത് ഓരേ വായുവും കുടിക്കുന്നത് ഒരേ വെള്ളവുമാണ്. ആളുകൾ പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും സുനിത വില്യംസ് വ്യക്തമാക്കി. ഇനിയും പുതിയ ബഹിരാകാശ യാത്രികർ ഉണ്ടാകട്ടേയെന്നും സുനിത വില്ല്യംസ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. ഒൻപതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സുനിത വില്ല്യംസ് കേരളത്തിലെത്തിയത്. കെഎൽഎഫ് ഉദ്ഘാടന ചടങ്ങിലും ശേഷമുള്ള സംവാദ പരിപാടിയിലും സുനിതാ വില്യംസ് പങ്കെടുക്കും.
നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് സുനിതാ വില്യംസ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. 27 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുനിത നാസയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഡിസംബറിൽ വിരമിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിരമിക്കൽ നാസ പുറത്തുവിട്ടത്. 60 വയസായതോടെയാണ് സുനിതയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെഎൽഎഫിൻ്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. വിശിഷ്ഠാതിഥികളായി സിനിമാതാരങ്ങളായ ഭാവന, പ്രകാശ് രാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ഈ മാസം 25 വരെ കോഴിക്കോട് ബീച്ചിൽ എട്ട് വേദികളിലായാണ് സാഹിത്യോത്സവം അരങ്ങേറുക.