രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ അതിജീവിതയായ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ. രാഹുൽ നിയമ നടപടികൾക്ക് വിധേയമാകട്ടെ. നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ പോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിഷയം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതാണ്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ നിന്നും സസ്പെൻഡ് ചെയ്തതാണ്. നിലവിൽ ആ കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ് അത് എവിടെയും എത്തിയിട്ടില്ല. ഇപ്പോൾ പരാതിക്കാരി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. ഇനി അതിൽ നിയമാനുസൃത നപടികൾ എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും സണ്ണി ജോസഫ് അറിയിച്ചു.
കൂടുതൽ നിയമനടപടികൾ രാഹുലിനെതിരയുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് നിയമ നടപടികൾ സ്വീകരിക്കേണ്ടത് ഞങ്ങളല്ലല്ലോ എന്നും സണ്ണി ജോസഫ് ചോദിച്ചു. തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി ഉയർത്തുന്ന സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ ഇതുകൊണ്ട് മറച്ചു പിടിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് യാതൊരു പ്രതികരണത്തിനും സണ്ണി ജോസഫ് തയ്യാറായിരുന്നില്ല. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത ശേഷവും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു രാഹുൽ. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെപിസിസി അധ്യക്ഷനാണ് ഇക്കാര്യങ്ങളിൽ മറുപടി പറയേണ്ടതെന്ന് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്.രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.