കണ്ണൂർ: കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് മുന്നൊരുക്ക ചർച്ചകളിൽ വ്യക്തികളെ മുൻനിർത്തിയാണ് ചർച്ചകൾ നടന്നതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് ചർച്ച നടത്തിയോ എന്ന് അറിയില്ല. ഗ്രൂപ്പുകളെ ലക്ഷ്യം വെച്ച് ചർച്ച നടന്നിട്ടില്ലെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
പാലാ ഘടകകക്ഷിയുടെ സീറ്റ് അല്ലേ എന്ന ചോദ്യത്തിന് ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ ആവർത്തിച്ചുള്ള മറുപടി. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. വ്യക്തികളെ മുൻനിർത്തി മാത്രമാണ്, ഗ്രൂപ്പുകളെ ലക്ഷ്യം വെച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല. താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിസ്മയം എന്നതുകൊണ്ട് ജന പിന്തുണയാണ് ഉദ്ദേശിക്കുന്നതെന്നും സണ്ണി ജോസഫ് പറയുന്നു. അതേസമയം ഇതര കക്ഷികളുടെയോ വ്യക്തികളുടെയോ മുന്നണി പ്രവേശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിസ്മയം അവകാശവാദത്തെ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.