ജയചന്ദ്രൻ Source: News Malayalam 24x7
KERALA

മലപ്പുറത്ത് 130 കോടിയുടെ സൂപ്പർമാർക്കറ്റ് തട്ടിപ്പ്; 1 ലക്ഷം മുതൽ 1.5 കോടി വരെ നഷ്ടപ്പെട്ടതായി നിക്ഷേപകർ

500ലധികം പേരിൽ നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്ത് തിരൂർ സ്വദേശി ജയചന്ദ്രൻ മുങ്ങിയതായാണ് പരാതി

Author : അഹല്യ മണി

മലപ്പുറം: എ.ഡി സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പേരിൽ മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്. 500ലധികം പേരിൽ നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്ത് തിരൂർ സ്വദേശി ജയചന്ദ്രൻ മുങ്ങിയതായാണ് പരാതി. വ്യത്യസ്ത പ്ലാനുകൾ അവതരിപ്പിച്ച് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്നടക്കം പണം തട്ടിയെടുത്താണ് പ്രതി മുങ്ങിയത്.

ഇന്നെവിറ്റബിൾ മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരങ്ങളിൽ കമ്പനിയുടെ നിയന്ത്രണത്തിൽ വ്യാപാര സ്ഥാപനങ്ങൾ. എ.ഡി സൂപ്പർ മാർക്കറ്റ്, എ.ഡി ഹൈപ്പർ മാർക്കറ്റ്, എ.ഡി ഫർണീച്ചർ, എ.ഡി ടെക്സ്റ്റൈൽസ് തുടങ്ങി 22ലധികം വ്യാപാര സ്ഥാപനങ്ങൾ. ഇതു വഴിയായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 25,000 രൂപ പ്രതിവർഷം ലാഭം വാഗ്ദാനം. സാധാരണക്കാരിൽ നിന്ന് നിക്ഷേപം കണ്ടെത്താൻ വൻതുക കമ്മീഷൻ പറ്റുന്ന നാട്ടുകാരായ ഏജൻ്റുമാർ. ഈ ഏജൻ്റുമാർ പിന്നീട് കമ്പനിയുടെ ഡയറക്ടർമാരാകുന്നു.

20 കോടി സമാഹരിച്ചു നൽകി എല്ലാം നഷ്ടപ്പെട്ട റംഷാദ് പറയും തട്ടിപ്പിൻ്റെ കഥ. ഉത്പന്നങ്ങളിലൂടെ ആയിരുന്നു ആദ്യം ഇത്തരത്തിൽ തുടങ്ങിയത്. ഭക്ഷണക്കിറ്റ് വിറ്റ് കഴിഞ്ഞാൽ കമ്മീഷൻ നൽകുന്ന രീതിയായിരുന്നു ആദ്യം. 2023 മാർച്ചോട് കൂടിയാണ് തങ്ങളിൽ കുറച്ച് പേർ ഡയറക്ടർ ബോർഡിലേക്ക് വന്നത്. ഏകദേശം ഏഴ് മാസത്തോളം കഴിയുമ്പോൾ തന്നെ കമ്പനി പൂട്ടാനുള്ള പദ്ധതികൾ ജയചന്ദ്രൻ ആസൂത്രണം ചെയ്തിരുന്നു. തൻ്റെ ടീമിലൂടെ മാത്രം 20 കോടിയോളം ഈ കമ്പനിയിലേക്ക് വന്നിട്ടുണ്ടെന്നും റംഷാദ് പറയുന്നു.

ഒരുപാട് കമ്പനികൾ സമാനമായി രൂപീകരിച്ച് പ്രോഡക്ട് സെൽ, ഇ-കൊമേഴ്സ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ചേർക്കുന്നതെന്നും 12 കോടി സമാഹരിച്ച് നൽകിയ ഷറഫലി പറയുന്നു. മൂന്നര കോടി നിക്ഷേപത്തിനു പുറമെ വീടിൻ്റെ ആധാരം പണയപ്പെടുത്തി 10 ലക്ഷം രൂപ കൂടി നൽകി വഞ്ചിക്കപ്പെട്ടയാളാണ് മൂസ. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടും തട്ടിപ്പിനു നേതൃത്വം നൽകിയ ജയചന്ദ്രനെതിരെ ഒരു നടപടിയും എടുത്തില്ലെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.

SCROLL FOR NEXT