ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ സുവിശേഷകന്‍ കെ.എ. പോള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. നിമിഷപ്രിയയുടെ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി.
നിമിഷപ്രിയയുടെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ സമാഹരിച്ച തുക ദുരുപയോഗം ചെയ്‌തെന്നായിരുന്നു കോടതിയില്‍ കെ.എ. പോളിന്റെ വാദം. എന്നാല്‍ കെ.എ. പോള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ വാദിച്ചു. ആരും മാധ്യമങ്ങളോട് സംസാരിക്കണം എന്നതല്ല, നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് കാര്യമെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞെന്നും കാന്തരപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണമെന്നുമായിരുന്നു കെ.എ. പോളിന്റെ ആവശ്യം. ഇത് കോടതി തള്ളുകയായിരുന്നു. മാധ്യമങ്ങളെ വിലക്കണം, കാന്തപുരത്തേയും സുഭാഷ് ചന്ദ്രനേയും വിലക്കണം, കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കാന്‍ അനുവദിക്കണം എന്നിവയായിരുന്നു കെ.എ. പോളിന്റെ ആവശ്യം. എല്ലാ ആവശ്യങ്ങളും തള്ളിയ കോടതി മാധ്യമശ്രദ്ധയ്ക്കു വേണ്ടിയാണോ ഹര്‍ജിയെന്നും ചോദിച്ചു.
ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25 തീയതികളില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിക്കും. മൂന്ന് ദിവസത്തേക്ക് ഈ കേസിനെക്കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കണം. ഇത് നിമിഷ പ്രിയയുടെ അപേക്ഷയാണെന്നുമായിരുന്നു ഹര്‍ജിയില്‍ പോള്‍ പറഞ്ഞിരുന്നത്.
നേരത്തെ, നിമിഷ പ്രിയയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പണം ശേഖരിക്കുന്നുവെന്ന കെ.എ. പോളിന്റെ പ്രചാരണം വ്യാജമാണെന്ന് കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നല്‍കണമെന്ന് പോള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു പോസ്റ്റ്. പണം അയയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് എക്‌സില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നത്. എന്നാല്‍ ഈ അവകാശവാദം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വ്യക്തമാക്കി.