സൂരജ് ലാമ Source: Screengrab
KERALA

സൂരജ് ലാമ കേസ്: ഇമിഗ്രേഷനില്‍ നിന്നും പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

സൂരജ് ലാമയുമായി ബന്ധപ്പെട്ട് അധികാരികളുടെ നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ ഹൈക്കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

സൂരജ് ലാമ കേസില്‍ ഇമിഗ്രേഷനില്‍ നിന്നും പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. സൂരജ് ലാമയുമായി ബന്ധപ്പെട്ട് അധികാരികളുടെ നടപടിക്രമങ്ങളിലെ വീഴ്ചകളില്‍ ഹൈക്കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ലാമ ഇന്ത്യയിലെത്തിയതു മുതല്‍ മരിച്ച നിലയില്‍ കണ്ടെത്തിയതുവരെയുള്ള സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്‌നേഹലതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, തുടര്‍ന്നുള്ള പൊലീസ് ഇടപെടല്‍, കാണാതായ ഒരാളുടെ പരാതി കൈകാര്യം ചെയ്യല്‍ എന്നിവയില്‍ കാര്യമായ പോരായമകളുണ്ടെന്നും കോടതി കണ്ടെത്തി.

സൂരജ് ലാമയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കോടതി നടുക്കവും അമര്‍ഷവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സിസ്റ്റത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഹൈക്കോടതി ബെഞ്ച് പറഞ്ഞത്.

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിന് ഇരയായി ഓര്‍മ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതര്‍ ഇന്ത്യയിലേക്ക് വിമാനം കയറ്റി അയക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് അയക്കുന്നതിന് പകരം ലാമയെ നെടുമ്പാശേരിക്കാണ് അയച്ചത്. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ ലാമയെ കാണാതാവുകയായിരുന്നു.

ഒക്ടോബര്‍ അഞ്ചിന് നെടുമ്പാശേരിയില്‍ എത്തിയ ലാമ കുറച്ചു നാള്‍ പലയിടങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടന്നു. അതിനിടെ ലാമയെ തൃക്കാക്കര പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ ലാമയാണെന്ന് തിരിച്ചറിഞ്ഞില്ല. പിന്നാലെ മകന്‍ സന്ദന്‍ ലാമ ഹേബിയസ് കോര്‍പ്പസ് നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. അതിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.

SCROLL FOR NEXT