KERALA

കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണ്; അദ്ദേഹം ആ പൂരപ്പറമ്പ് മുഴുവന്‍ ഓടിനടക്കുകയായിരുന്നു: സുരേഷ് ഗോപി

കെ. രാജൻ ഒരു മിനുട്ട് പോലും പൂരം ആസ്വദിച്ച് താന്‍ കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് സുരേഷ് ഗോപി. തൃശൂര്‍കാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നതായി സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വി.എന്‍ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചു. അപ്പോഴും എടുത്ത് പറയേണ്ട പേര് റവന്യൂ മന്ത്രി കെ. രാജന്റേതാണെന്നും അദ്ദേഹം ഒരു മിനുട്ട് പോലും പൂരം ആസ്വദിച്ച് താന്‍ കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ. രാജന് തനിക്ക് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'ഒരുപക്ഷെ ഇതിനെക്കാളെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഉച്ചരിക്കപ്പെടേണ്ട ഒരു പേര് റവന്യൂ മന്ത്രി കെ. രാജന്റേതാണ്. രാജന്‍ പൂരം ആസ്വദിച്ചിട്ടേയില്ല. പൂരത്തിന് ഒരു ദര്‍ശകന്‍ എന്ന നിലയില്‍ വന്ന് കാണികളില്‍ എവിടെയും ഇരുന്ന് കണ്ടിട്ടില്ല. അദ്ദേഹം പൂരപ്പറമ്പ് മുഴുവന്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച ഒരു മന്ത്രിയാണ്. ആ മന്ത്രിയെ ഞാന്‍ എന്റെ സ്വതസിദ്ധമായ ശൈലിയില്‍ കോടീശ്വരനില്‍ ഒക്കെ ഇരുന്ന് പറയുന്നത് പോലെ കെട്ടിപ്പിടിച്ച് ഞെക്കി ഒരു മുത്തം കൊടുക്കുകയാണ്,' സുരേഷ് ഗോപി പറഞ്ഞു.

ഓരോ ഘട്ടങ്ങളിലും ഉയര്‍ന്നു വന്ന എല്ലാ പ്രശ്‌നങ്ങളെയും വളരെ മനോഹരമായി, ഒരു ഫോണ്‍ വിൡയിലൂടെ അദ്ദേഹം കൈകാര്യം ചെയ്തുവെന്നും സുരേഷ് ഗോപി പറഞ്ഞു. വിളംബരത്തിനിടെ ഒരു പിശകുണ്ടായിരുന്നു അത് ഒരുപക്ഷെ വര്‍ഗീയ വിഷയമായി വന്ന് പൂരത്തിന്റെ തിളക്കം കെടുത്തിയേനെ. അതുപോലും അങ്ങനെ ഒരു അബദ്ധം സംഭവിച്ച കേന്ദ്രത്തിന് കൃത്യമായ നിര്‍ദേശം നല്‍ക്കൊണ്ട് കെ രാജന്‍ എന്നോടൊപ്പം ചേര്‍ന്നു നിന്നു എന്ന് പറയുന്നത് രാഷ്ട്രീയത്തിന് ഇതില്‍ ഒരു സ്ഥാനവുമില്ല എന്നതിന്റെ തെളിവാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അദ്ദേഹത്തെ വാരിപുണര്‍ന്നുകൊണ്ട് തന്നെ അഭിനന്ദനം അറിയിക്കുകയാണെന്നും പറഞ്ഞ സുരേഷ് ഗോപി തൃശൂര്‍ മേയറെയും അഭിനന്ദിച്ചു. പൂരം കഴിഞ്ഞതിന് ശേഷമുള്ള ചപ്പും ചവറുമെല്ലാം വൃത്തിയാക്കുന്നത് നിങ്ങള്‍ ആണ്. അദ്ദേഹത്തിനും അഭിനന്ദനം അറിയിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

SCROLL FOR NEXT