KERALA

പൂരം കലക്കലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഞാന്‍ നല്‍കിയ മൊഴിയില്ല: സുരേഷ് ഗോപി

ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് എങ്ങനെയാണ് ശരിയാവുകയെന്നും സുരേഷ് ഗോപി ചോദിച്ചു.

Author : കവിത രേണുക

തൃശൂര്‍: പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ താന്‍ നല്‍കിയ മൊഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചില ഉദ്യോഗസ്ഥരുടെ അബദ്ധമായ നടപടിക്രമങ്ങളാണ് അലങ്കോലപ്പെടുന്ന അവസ്ഥയുണ്ടായതെന്ന് പറഞ്ഞിരുന്നു. അത് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഉദ്യോഗസ്ഥര്‍ അപക്വമായി പെരുമാറിയെന്ന് മുഖ്യമന്ത്രി തന്നെ ഒരു യോഗത്തില്‍ പറഞ്ഞതാണ്. അതൊന്നും പുറത്ത് വന്ന റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ട് ഇനിയും പൂര്‍ണമാവും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ പൂരം യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ താന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അതൊന്നും റിപ്പോര്‍ട്ടില്‍ നിഴലിച്ചു കണ്ടില്ല. ചില ഉദ്യോഗസ്ഥരുടെ അബദ്ധമായ നടപടിക്രമങ്ങളാണ് അലങ്കോലപ്പെടുന്ന അവസ്ഥയുണ്ടായതെന്ന് പറഞ്ഞിരുന്നു. അതുണ്ടാകാന്‍ പാടില്ല എന്ന് യോഗത്തില്‍ പറഞ്ഞു. അതു തന്നെ മൊഴിയും നല്‍കി. എന്നാല്‍ ഇതൊന്നും റിപ്പോര്‍ട്ടിലില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് എങ്ങനെയാണ് ശരിയാവുകയെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര്‍ പൂരം കലക്കലില്‍ ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം.

തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. മഠത്തില്‍വരവ് സമയം പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT