വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഷൈനിന്റെ കൈയ്യിനേറ്റ പരിക്ക് ഗുരതരമല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിലെന്നും അദ്ദേഹം പറഞ്ഞു.
'ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രിയില്‍ നിന്ന് പ്രസ് റിലീസ് ഉണ്ടാകും. ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. കൈയ്യില്‍ ഫ്രാക്ചര്‍ ഉണ്ട്. അതിന് സര്‍ജറി അത്യാവശ്യമാണ്. അത് എത്രയും പെട്ടെന്ന് നടത്തുന്നതാണ് നല്ലത്. പക്ഷെ അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയും കുഴപ്പമില്ലാതെ തുടരുകയാണ്. പിതാവിന്റെ ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. അങ്ങനെ മതിയെന്നാണ് അവര്‍ അറിയിച്ചത്,' സുരേഷ് ഗോപി പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. മുണ്ടൂരിലെ വീട്ടില്‍ നാളെ വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനമുണ്ടാകും. മുണ്ടൂര്‍ പരികര്‍മല മാതാ പള്ളിയിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. സംസ്‌കാരത്തിനുശേഷം ഷൈന്‍ ടോം ചാക്കോയുടെയും മാതാവ് മരിയയുടെയും ശസ്ത്രക്രിയ നടത്തും. ഷൈനിന്റെ സഹോദരിമാര്‍ ഇന്നു രാത്രി 12 മണിയോടെ നാട്ടിലെത്തും.
സിപി ചാക്കോയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയെയും മാതാവിനെയും കഴിഞ്ഞ ദിവസം തൃശൂരില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം സേലത്ത് വെച്ച് അപകടത്തിലര്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു കുടുംബ സമേതം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഷൈനിന്റെ കൈക്ക് ഒടിവുണ്ട്. ഷൈനിന് ശസ്ത്രക്രിയയുടെ ആവശ്യമുണ്ട്. അമ്മയ്ക്കും പേഴ്‌സണല്‍ അസിസ്റ്റന്റിനും പരിക്കുള്ളതായാണ് വിവരം. ഷൈനിന്റെ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം.