കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി ന്യൂസ് മലയാളത്തോട് പറഞ്ഞു. വിധിക്കായി കാത്തിരിക്കുകയാണെന്നും വിധി എതിരായാൽ സുപ്രീം കോടതി വരെ പോരാട്ടം തുടരുമെന്നും ടി.ബി. മിനി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമത്തെ എതിർക്കാൻ കഴിയുന്ന തരത്തിൽ മാതൃകയാകട്ടെ വിധി എന്നും അഭിഭാഷക പറഞ്ഞു.
വിധിക്കായി കാത്തിരിക്കുകയാണ്. തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. സാഹചര്യ തെളിവുകൾ നിർണായകമായിരുന്നു. ഗൂഢാലോചന തെളിയിക്കുക ബുദ്ധിമുട്ടാണ്. പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. ഇല്ലെങ്കിൽ അട്ടിമറി നടക്കണം. ഇത് കീഴ്ക്കോടതിയാണ്. വിധി എതിരായാൽ മേൽക്കോടതികളെ സമീപിക്കും. സാക്ഷികൾ കൂറുമാറിയത് കേസിനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. പ്രോസിക്യൂഷൻ നല്ല രീതിയിലാണ് കാര്യങ്ങൾ ചെയ്തത്, ടി.ബി. മിനി.
കൂറുമാറിയ സാക്ഷികളെല്ലാം ദിലീപിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവർ കൂറുമാറുമെന്ന് എല്ലാവർക്കും അറിയാം. അത് അറിഞ്ഞുതന്നെയാണ് അവരെ സാക്ഷികളാക്കിയത്. ആ സാക്ഷികൾ കൂറുമാറിയത് ഒരിക്കലും കേസിനെ ബാധിച്ചിട്ടില്ലെന്നും ടി.ബി. മിനി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
'എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനിടയില്‍ വിചാരണ ഘട്ടങ്ങളില്‍ സുപ്രീം കോടതി ഇടപെടലും ഉണ്ടായി. പ്രതികളുടെ ക്രൂര കൃത്യവും അതിലേക്ക് നയിച്ച ഗൂഢാലോചനയും മറ്റേത് കേസിനെയും വെല്ലുന്നതാണ്. കഴിഞ്ഞ എട്ടുവര്‍ഷം കടുത്ത മാനസിക സംഘർഷമാണ് അതിജീവിത അനുഭവിച്ചത്. വിധി വരുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ച സമയങ്ങള്‍ വിചാരണവേളയിലുണ്ടായിട്ടുണ്ട്. പ്രതികൾക്കതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ശിക്ഷിക്കപ്പെടാൻ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ എട്ടാം പ്രതി ദിലീപിനെ പ്രതിരോധിക്കാൻ നിരവധി കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. ദീലീപിനെതിരെ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷക പറഞ്ഞു.