തിരുവനന്തപുരം: കേരള രജിസ്ട്രാർ കെ.സി. അനിൽ കുമാറിൻ്റെ സസ്പെൻഷൻ റദ്ദ് ചെയ്യാനും തിരിച്ചെടുക്കാനും സിൻഡിക്കേറ്റ് തീരുമാനം. വിസി മോഹനൻ കുന്നുമ്മലിൻ്റെ നിലപാടിനെ മറികടന്നായിരുന്നു സിൻഡിക്കേറ്റിൻ്റെ തീരുമാനം. ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ വിസി യോഗത്തിൽ നിന്നിറങ്ങിപ്പോയി.
22 സിൻഡിക്കേറ്റ് അംഗങ്ങളിൽ 19 അംഗങ്ങളും രജിസ്ട്രാറെ തിരിച്ചെടുക്കുന്നത് അനുകൂലിച്ചതിനെ തുടർന്നാണ് തീരുമാനം. കെ.എസ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ വിഷയത്തിൽ തീരുമാനം ചാൻസലർക്ക് വിടാനുള്ള വിസിയുടെ അസാധാരണ നീക്കത്തെ മറികടന്നാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം. രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്ന ഹൈക്കോടതി വിധി പരിഗണിക്കാതെയായിരുന്നു വിസിയുടെ തീരുമാനം. ഇതിനെ തുടർന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
സസ്പെൻഷൻ കാലയളവിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ അനിൽ കുമാറിൻ്റെ ഭാഗത്തു നിന്നുണ്ടായതായും ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടി അനിൽ കുമാറിനെ തിരിച്ചെടുക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് വിസി സ്വീകരിക്കുകയായിരുന്നു. രജിസ്ട്രാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സിൻഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു.