പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭയുടെ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടയിൽ. അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തത്വസംഹിതകൾ കാറ്റിൽ പറത്തി. ജനാധിപത്യ മര്യാദകൾ തകിടം മറിച്ചുവെന്നും ഫാദർ സേവ്യർ ഖാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാർട്ടിയുടെ ചിഹ്ന ത്തിൽ ജയിച്ച ഒരു മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണം. നമ്മുടെ കൺമുൻപിൽ നടക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് നാം മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നുവെന്നും ഫാദർ സേവ്യർ ഖാൻ വട്ടയിൽ.