സൂംബാ നൃത്തം തുഗ്ലക്കിയൻ പരിഷ്ക്കാരമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. സൂംബാ നൃത്തം ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റുമെന്ന് പഠനമില്ലെന്നാണ് എസ്‌വൈഎസ് നേതാവിൻ്റെ വിമർശനം. ഇത്തരം കളികൾ പഠനത്തിന്റെ ഗൗരവം കളയുമെന്നും തലതിരിഞ്ഞ പരിഷ്ക്കാരത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും റഹ്മത്തുള്ള സഖാഫി എളമരം ഫേസ്ബുക്കിൽ കുറിച്ചു.
കൊളംബിയയിലെ ഒരു ഡാൻസ് ട്രൈനർ സ്റ്റെപ്പ് മറന്നപ്പോൾ കുട്ടികളെ തത്ക്കാലം പിടിച്ചുനിർത്താൻ പാട്ടിട്ട് തുള്ളിച്ചാടിയത് കലയാക്കിയതാണ് സൂംബാ നൃത്തമെന്നാണ് റഹ്മത്തുള്ള സഖാഫിയുടെ പക്ഷം. ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റാൻ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിനു ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇത്തരം കളികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങൾ വെറും നൃത്തശാലകളായി മാറുകയുംചെയ്യുമെന്നും എസ്‌വൈഎസ് നേതാവ് പോസ്റ്റിൽ പറയുന്നു.
സൂംബാ നൃത്തപരിശീലനം വഴിവിട്ട ബന്ധങ്ങൾക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും കാരണമാവുകയെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു. ഇത്തരം തലതിരിഞ്ഞ പരിഷ്കരണങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് എസ്‌വൈഎസ് നേതാവിൻ്റെ ആവശ്യം. മുമ്പ് സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഇടകലർന്നിരിക്കണമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണിതെന്നും റഹ്മത്തുള്ള സഖാഫി ഫേസ്ബുക്കിൽ കുറിച്ചു.
സൂംബാ ഡാന്‍സില്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ, സൂംബാ നൃത്തം പരിശീലിപ്പിക്കാനുള്ള നിർദേശം അപക്വമാണെന്ന് ഐഎസ്എമ്മും വിമർശിച്ചിരുന്നു. മാനസിക, കായിക ക്ഷമതകൾ വർധിപ്പിക്കാൻ കൂടുതൽ കാര്യക്ഷമമായ വ്യത്യസ്ത മാർഗങ്ങൾ ഉണ്ടായിരിക്കേ ഒരു നൃത്തം തിരഞ്ഞെടുത്തതിൽ ജെൻഡർ പൊളിറ്റിക്സിൻ്റെ രഹസ്യ അജണ്ടകൾ ഉണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഐഎസ്എമ്മിന്റെ ആരോപണം.
അതേസമയം, സൂംബയിൽ എന്താണ് തെറ്റെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ചോദിച്ചു. ആരോഗ്യത്തിന് നല്ലത്താണ് സൂംബ. ഇത് നടപ്പാക്കാൻ ആരോടാണ് ആലോചിക്കേണ്ടതെന്നും ഇതിൽ എന്താണ് കൂടി ആലോചനയുടെ ആവശ്യമെന്നും മന്ത്രി ചോദിച്ചു