KERALA

ടാൽറോപ്പിൽ അടിമുടി നിയമലംഘനങ്ങൾ, അനുകൂല തീരുമാനമില്ലെങ്കിൽ റവന്യൂ റിക്കവറി; മുന്നറിയിപ്പുമായി തൊഴിൽ വകുപ്പ്

ഈ മാസം 25-ന് നടക്കുന്ന അടുത്ത യോഗത്തിൽ ചെയർമാൻ സഫീർ നിർബന്ധമായും ലേബർ കമ്മീഷണർ മുൻപാകെ ഹാജരാകണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

പ്രമുഖ ഐ.ടി കമ്പനിയായ ടാൽറോപ്പിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ കമ്പനിക്കെതിരെ കടുത്ത നിലപാടുമായി തൊഴിൽ വകുപ്പ്. കമ്പനിയിൽ അടിമുടി നിയമലംഘനങ്ങളാണ് നടന്നിട്ടുള്ളതെന്ന് അഡീഷണൽ ലേബർ കമ്മീഷണർ കെ.എം. സുനിൽ വ്യക്തമാക്കി. ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികളിലേക്ക് വകുപ്പ് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കമ്പനി ഉടമയും ചെയർമാനുമായ സഫീർ പങ്കെടുക്കാതിരുന്ന ചർച്ചയിൽ സി.ഇ.ഒ ജോൺ ജോസഫാണ് കമ്പനിയെ പ്രതിനിധീകരിച്ചത്. എന്നാൽ, ഈ മാസം 25-ന് നടക്കുന്ന അടുത്ത യോഗത്തിൽ ചെയർമാൻ സഫീർ നിർബന്ധമായും ലേബർ കമ്മീഷണർ മുൻപാകെ ഹാജരാകണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. സ്ഥാപനത്തിൽ ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നില്ലാത്തതിനാൽ തൊഴിലാളികൾ നേരിട്ടാണ് തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിക്കാൻ എത്തിയത്. ഏകദേശം 608 ഓളം തൊഴിലാളികളാണ് കമ്പനിയുടെ നടപടി മൂലം നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്.

ജീവനക്കാരെ 21 സ്റ്റാർട്ടപ്പുകളിലേക്ക് മാറ്റിയത് തികഞ്ഞ നിയമലംഘനമാണെന്ന് ലേബർ കമ്മീഷണർ ചൂണ്ടിക്കാട്ടി. നാളെ മുതൽ തന്നെ തൊഴിൽ വകുപ്പ് ഇതിന്മേൽ കൃത്യമായ കണക്കെടുപ്പ് നടത്തും. കമ്പനി വലിയ നഷ്ടത്തിലാണെന്നും ശമ്പള കുടിശ്ശിക ഇപ്പോൾ നൽകാൻ കഴിയില്ലെന്നുമാണ് സിഇഒ ചർച്ചയിൽ അറിയിച്ചത്. കുടിശ്ശിക തീർക്കാൻ അടുത്ത ഒക്ടോബർ മാസം വരെ കമ്പനി സമയം ചോദിച്ചെങ്കിലും തൊഴിൽ വകുപ്പ് ഇത് പൂർണ്ണമായി തള്ളി. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമാണ് ശമ്പളമെന്നും അതിന് ഇത്രയും സാവകാശം നൽകാൻ കഴിയില്ലെന്നും വകുപ്പ് വ്യക്തമാക്കി. തങ്ങൾക്ക് ഇനി ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതില്ലെന്നും, എന്നാൽ കുടിശ്ശികയുള്ള ശമ്പളവും ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭിക്കണമെന്നുമാണ് ജീവനക്കാർ ചർച്ചയിൽ ആവശ്യപ്പെട്ടത്. പലരും ഇതിനോടകം തന്നെ മറ്റ് ജോലികൾ തേടിത്തുടങ്ങിയിട്ടുണ്ട്.

വരുന്ന 25-ാം തീയതിക്ക് മുൻപായി വീണ്ടും യോഗം ചേരുമെന്നും എറണാകുളം ലേബർ കമ്മീഷണർ തൊഴിലാളികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുമെന്നും അധികൃതർ അറിയിച്ചു. 25-ലെ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ കുടിശ്ശിക കണക്കാക്കി കോടതിയുടെ അനുമതിയോടെ കമ്പനിക്കെതിരെ റവന്യൂ റിക്കവറി നടപടികളിലേക്ക് നീങ്ങാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം.

SCROLL FOR NEXT