സൂംബാ ഡാൻസിനെതിരെ വിമർശനം ഉന്നയിച്ച അധ്യാപകൻ ടി.കെ. അഷ്‌റഫിന് സസ്‌പെൻഷൻ. അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് എടത്തനാട്ടുകര പികെഎം യുപി സ്കൂളിൻ്റെ നടപടി. ടി.കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.
വിസ്ഡം ജനറൽ സെക്രട്ടറി കൂടിയാണ് ടി.കെ അഷ്‌റഫ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് എടത്തനാട്ടുകര പികെഎം യുപി സ്‌കൂൾ മാനേജർക്ക് കത്ത് നൽകിയിരുന്നു, സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ പറയുന്നു. ടി.കെ അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് പരസ്യ വിമർശനവുമായി ടി.കെ അഷ്‌റഫ് ആദ്യം രംഗത്തെത്തിയത്. വിദ്യാലയത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമാണ് അഷ്‌റഫ് പറഞ്ഞത്. താൻ ഈ കാര്യത്തിൽ പ്രാകൃതനാണെന്നും അഷ്‌റഫ് പറഞ്ഞിരുന്നു.