എസ്എസ്കെയിലെ നിയമനത്തിനെതിരെ അധ്യാപക സംഘടനകൾ  
KERALA

യോ​ഗ്യത കുറഞ്ഞവരെ തിരുകി കയറ്റാൻ നീക്കം; എസ്എസ്കെയിലെ നിയമനത്തിനെതിരെ അധ്യാപക സംഘടനകൾ

അക്കാ​​​ദമിക് തസ്തികകളിലേക്കുള്ള യോ​ഗ്യത മാന​ദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സമ​ഗ്ര ശിക്ഷ കേരളയിലെ വിവിധ അക്കാ​​​ദമിക് തസ്തികകളിലേക്കുള്ള യോ​ഗ്യത മാന​ദണ്ഡങ്ങൾ വെട്ടിച്ചുരുക്കിയതിനെതിരെ അധ്യാപക സംഘടനകൾ. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള തസ്തികകളിലേക്ക് യോ​ഗ്യത കുറഞ്ഞവരെ അപേക്ഷിക്കാൻ ക്ഷണിക്കുന്നതായാണ് പരാതി. നിലവിലെ മാന​ദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

സമ​ഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന, ജില്ലാ, പ്രോജക്ട് ഓഫീസുകളിലേക്കും ബ്ലോക്ക് റിസോഴ്സ് സെൻ്റുകളിലേക്കുമുള്ള വിവിധ തസ്തികളിലേക്ക് അപേക്ഷകരെ ക്ഷണിച്ച് ഈ മാസം മൂന്നിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്റ്റേറ്റ് പ്രോ​ഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോ​ഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കാണ് നിയമനം.

വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന യോ​ഗ്യതയുള്ളവർ ഈ മാസം ഇരുപതിന് ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. എന്നാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നതിന് മുമ്പ് തസ്തികകളിലേക്കുള്ള യോ​ഗ്യതാ മാന​ദണ്ഡങ്ങൾ വെട്ടിച്ചുരുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

തസ്തികകളിലെ യോഗ്യതകളിൽ ഭേദ​ഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എസ്‌കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ നൽകിയ കത്തിനെ തുടർന്നായിരുന്നു നടപടി. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോ​ഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്കുള്ള യോ​ഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കി ഭേദ​ഗതി വരുത്തി. എന്നാൽ ഈ നീക്കം സ്വന്തക്കാരെ തിരുകി കയറ്റാനാണെന്നാണ് ഉയരുന്ന ആക്ഷേപം.

ഹയർ സെക്ക‍ൻഡറി അധ്യാപകർകടക്കം പരിശീലനം നൽകേണ്ട തസ്തികകളിലേക്ക് മുൻനിശ്ചയിച്ച പ്രകാരമുള്ള യോ​ഗ്യത മാന​ദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു. അതേസമയം ഉയർന്ന മാനദണ്ഡങ്ങൾ മൂലം അപേക്ഷകരെ ലഭിക്കാത്തതാണ് നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

SCROLL FOR NEXT