കടവല്ലൂർ സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂള്‍ Source: News Malayalam 24x7
KERALA

"ഓണം ഹിന്ദുക്കളുടെ ആഘോഷമാണ്, അതില്‍ പങ്കുകൊള്ളരുത്"; രക്ഷിതാക്കളുടെ വാട്‌സ്‍ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ ശബ്‌ദ സന്ദേശം

സംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ് ഓണം എന്ന് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപികയുടെ ശബ്ദസന്ദേശം. കുന്നംകുളം കടവല്ലൂർ സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയാണ് രക്ഷിതാക്കൾക്ക് സന്ദേശം അയച്ചത്.

ഓണാഘോഷം ഹിന്ദു മതവിശ്വാസികളുടെ ആണെന്നും അതില്‍ ഇസ്ലാം മതത്തിൽപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നുമാണ് അധ്യാപിക സന്ദേശത്തില്‍ പറയുന്നത്. അധ്യാപികയുടേത് വർഗീയ പരാമർശമാണെന്ന് കാട്ടി ഡിവൈഎഫ്ഐ കുന്നംകുളം പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

"ഇസ്ലാമിക അന്തരീക്ഷത്തില്‍ നല്ല വിദ്യാഭ്യാസ കൊടുക്കുകയാണ് ലക്ഷ്യം. ഓണത്തിന്റെ അടിസ്ഥാനങ്ങളില്‍ ആരാധന വരുന്നുണ്ട്. ഹിന്ദു മതവിശ്വാസികളുടെ ആരാധനയുടെ ഭാഗമാണ് ഓണം. നമ്മള്‍ അവരുടെ ആരാധനയില്‍ പങ്കെടുക്കുക, മാവേലി വേഷം കെട്ടുക, പൂക്കളം ഇടുക ഇതൊക്കെ നമ്മള്‍ തന്നെ പ്രോത്സാഹിച്ചാല്‍ എങ്ങനെ മക്കള്‍ക്ക് മനസിലാകും," അധ്യാപിക ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ടീച്ചർമാർ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചത് എന്നും സ്കൂളിന്റെ നിലപാടല്ല എന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. അധ്യാപികയുടെ വർഗീയ പരമാർശത്തില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT