തൃശൂർ: സ്കൂൾ കലോത്സവത്തിന് ശേഷം മറ്റൊരു കലോത്സവത്തിന് കൂടി വേദിയാകാൻ ഒരുങ്ങുകയാണ് തൃശൂർ. നാളെ മുതൽ 25 വരെയാണ് ഗവ. ടെക്നിക്കൽ സ്കൂൾ കലോത്സവം തൃശൂരിൽ നടക്കുന്നത്. സംഘാടന മികവുകൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും സ്കൂൾ കലോത്സവം ശ്രദ്ധേയമായെങ്കിലും പരിമിതികൾക്കും പ്രതിസന്ധികൾക്കും നടുവിലാണ് ടെക്നിക്കൽ കലോത്സവം നടക്കാനിരിക്കുന്നത്.
കോടികൾ ചെലവിട്ട് ആഘോഷമായി നടത്തിയ സംസ്ഥാന സ്കൂൾ കലോത്സവം വലിയ വിജയമായിരുന്നു. പക്ഷെ ആരംഭിക്കും മുൻപേ പ്രതിസന്ധികൾക്ക് നടുവിലാണ് നടക്കാനിരിക്കുന്ന ടെക്നിക്കൽ സ്കൂൾ കലോത്സവം. എട്ട് വേദികളിലായി നാല് ദിവസം നീണ്ടു നിൽക്കുന്ന മത്സര നടത്തിപ്പിന് പരിമിതികൾ ഏറെയുണ്ട്. 30 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിക്ക് പണം കണ്ടെത്തുകയെന്നത് തന്നെയാണ് പ്രധാന വെല്ലുവിളിയെന്ന് സംഘാടകർ പറഞ്ഞു.
സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 44 ടെക്നിക്കൽ ഗവൺമെൻ്റ് സ്കൂളുകളിലെ 1,500 വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ വലിയ പ്രതിസന്ധിയിലാണ് സംഘാടക സമിതി അംഗങ്ങൾ. കലോത്സവത്തിന് ആവശ്യമായ രണ്ട് ലക്ഷം രൂപ സർക്കാർ ധനസഹായമായി ലഭിക്കും. എന്നാൽ ബാക്കി തുക കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ചെലവ് ചുരുക്കിയുള്ള പ്രചാരണങ്ങളും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടേയും പിന്തുണയും നിലവിൽ ആശ്വാസമാണ്. എന്നാൽ പ്രശ്നങ്ങളെ കുറിച്ച് മുൻകൂട്ടി അറിയിച്ചിട്ടും ആവശ്യമായ സർക്കാർ സഹായം ടെക്നിക്കൽ കലോത്സവത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പരാതി രഹിതമായി കലോത്സവം നടത്തി പൂർത്തിയാക്കാൻ ആകുമോയെന്ന ആശങ്കയും സംഘാടക സമിതി അംഗങ്ങൾ പങ്കുവയ്ക്കുന്നു.