കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്നത് സാമൂഹിക വിരുദ്ധരെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സമരത്തിന് ഇറങ്ങിയത് ഗതികേട് മൂലമാണെന്നും ലക്ഷ്യം കാണുന്നതുവരെയും സമരം ചെയ്യുമെന്നും പാംപ്ലാനി പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് അങ്കമാലി അതിരൂപത നടത്തിയ പ്രതിഷേധ റാലിയ്ക്ക് പിന്നാലെയുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തന നിരോധനം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. മതപരിവര്‍ത്തനം നിരോധന നിയമം പിന്‍വലിക്കേണ്ടതാണ്. തൂമ്പയെ തൂമ്പ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ട്. കേക്കും ലഡ്ഡുവും തന്നതുകൊണ്ട് സുവിശേഷത്തിന്റെ ആദര്‍ശം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌നേഹപൂര്‍വം നിങ്ങള്‍ തരുന്നത് സ്വീകരിക്കും. അതേസമയം തെറ്റു കണ്ടാല്‍ പറയും. ഇരയോട് ഒപ്പം ഓടുകയും വേട്ടക്കാരനോട് ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന കിരാതന്മാരെ തിരിച്ചറിയാനുള്ള ബുദ്ധി ഞങ്ങള്‍ക്കുണ്ട്. ചിലര്‍ ഒക്കെ സമം, പക്ഷെ മറ്റു ചിലര്‍ കൂടുതല്‍ സമം എന്ന വ്യവസ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. നിങ്ങള്‍ വരയ്ക്കുന്നതിലൂടെ നടക്കാന്‍ ഈ സമുദായത്തിന് മനസില്ലെന്നും പാംപ്ലാനി പറഞ്ഞു.
എന്‍ഐഎ കോടതിയില്‍ വിചാരണ ചെയ്യേണ്ട കുറ്റമാണ് അവര്‍ ചെയ്തതെങ്കില്‍ സൂര്യന്‍ ഉള്ളിടത്തോളം ആ തെറ്റ് ഞങ്ങള്‍ തുടരും. ആള്‍ക്കൂട്ട വിചാരണയ്ക്കും ആള്‍ക്കൂട്ട കൊലപാതകത്തിനും കാരണമാകുന്ന ഈ നിയമങ്ങള്‍ പിന്‍വലിക്കണം. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മുതല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന സത്യം ഓര്‍മിപ്പിക്കുന്നുവെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
അങ്കമാലി കിഴക്കേപ്പള്ളിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിലാണ് സമാപിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എറണാകുളം ജില്ലയില്‍ അങ്ങിങ്ങോളമുള്ള ഇടവകകളിലും അതിരൂപതകളിലുമെല്ലാം വലിയ തോതില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് കന്യാസ്ത്രീകള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി കമലേശ്വരി പ്രധാന്‍ പ്രതികരിച്ചു. ആഗ്രയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മാതാപിതാക്കളുടെ സമ്മതപ്രകാരം ആണ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോയതെന്നും കമലേശ്വരി പ്രധാന്‍ പ്രതികരിച്ചു. ദേശീയമാധ്യമമായ ഇന്ത്യാ ടുഡേയോടായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലെ ഛത്തീസ്ഗഡ് പൊലീസ് വാദം പൊളിച്ചിരിക്കുകയാണ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍.
കുഴപ്പം ഉണ്ടാക്കിയത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ്. തങ്ങളെ ബജരംഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും കമലേശ്വരി പ്രധാന്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരെ മൊഴി നല്‍കിയത് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ച് ഭീഷണിപെടുത്തിയതിനാലാണ്. ജ്യോതി ശര്‍മ്മയാണ് അസഭ്യം പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു.