കുന്നംകുളം മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണത്തില്‍ പ്രതി പിടിയിൽ. ചാവക്കാട് പേരകം മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (50) ആണ് പിടിയിലായത്. എറണാകുളം വടക്കേക്കരയിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ ചേന്നമംഗലത്ത് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.
സെപ്റ്റംബർ 11ന് പുലർച്ചെയായിരുന്നു മോഷണം. 60 വർഷത്തോളം പഴക്കമുള്ള, 15 ലക്ഷം രൂപ മൂല്യവുമുള്ള പഞ്ചലോഹ വിഗ്രഹമാണ് മനാഫ് കവർന്നത്. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് എറണാകുളം വടക്കേക്കരയിൽനിന്ന് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും ഫൂട്ട് പ്രിന്റും ഉൾപ്പെടെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് മനാഫ്. 2005ൽ കാട്ടകാമ്പലിൽനിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലും, വടക്കേകാട് അമ്പലത്തിൽ മോഷണം നടത്തിയ സംഭവത്തിലും പ്രതിയാണ്.