Source: News Malayalam 24x7
KERALA

"വിവാഹത്തിനെത്തിയപ്പോള്‍ ഇരുവരും രേഖകള്‍ കാണിച്ചു, പ്രാഥമിക പരിശോധന മാത്രമേ ഞങ്ങള്‍ക്ക് നടത്താനാവൂ"; കുംഭമേള താരത്തിൻ്റെ വിവാഹത്തിൽ വിശദീകരണവുമായി ക്ഷേത്ര ട്രസ്റ്റ്

ക്ഷേത്രത്തിലേക്ക് എത്തുന്നതിനുമുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നുവെന്നും അജിത്ത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ വിശദീകരണവുമായി ശ്രീ നയിനാർദേവ ക്ഷേത്രം ട്രസ്റ്റ്. വിവാഹത്തിന് എത്തിയപ്പോൾ ഇരുവരും രേഖകൾ കാണിച്ചെന്ന് ട്രസ്റ്റ് സെക്രട്ടറി അജിത്ത്‌ ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രാഥമിക പരിശോധന മാത്രമേ ഞങ്ങൾക്ക് നടത്താൻ സാധിക്കൂവെന്നും അജിത്ത് പറഞ്ഞു.

ക്ഷേത്രത്തിലേക്ക് എത്തുന്നതിനുമുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നു. ദേശീയ പിന്നോക്ക കമ്മീഷൻ തെളിവെടുപ്പിനായി ക്ഷേത്രത്തിൽ എത്തിയിരുന്നു. രേഖകൾ പരിശോധിച്ചു. കെ-ഡിസ്ക് വഴിയാണ് അവർ രേഖകൾ എടുത്തത്. വിവാഹത്തിന് മുമ്പും അവർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മിശ്രവിവാഹങ്ങൾ ഒരുപാട് നടക്കുന്ന ക്ഷേത്രമാണ്. പഞ്ചായത്തിൽ നിന്ന് കെ-ഡിസ്ക് വഴിയാണ് അവർക്ക് രേഖകൾ ലഭിച്ചത്. അതിന്റെ രേഖകൾ പഞ്ചായത്തിൽ ഉണ്ടെന്നും അജിത്ത് പറഞ്ഞു.

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭർത്താവിന് എതിരെയാണ് കേസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമെന്നാണ് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഇരുവരും ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ കണ്ടെത്തി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നെന്ന് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തി.

SCROLL FOR NEXT