കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്. ഗണേഷ് കുമാർ ഇന്ന് തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാർട്ടിയിലേക്ക് ക്ഷണിക്കും.
ഇന്നലെയാണ് അസീസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും അസീസ് ആഹ്വാനം ചെയ്തിരുന്നു. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിലായിരുന്നു അസീസിൻ്റെ പ്രസംഗം. ഇതിന് പിന്നാലെയാണ് അസീസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
"നാടിന് ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ, വർണം നോക്കാതെ, വർഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്‌ഫലമുള്ള മരമാണ് കെ.ബി. ഗണേഷ് കുമാർ. കായ്ക്കാത്ത മച്ചി മരങ്ങളും ഇവിടെ കടന്നുവരും, അവരെ തിരിച്ചറിയണം, അത് പൂക്കില്ലാ, കായ്ക്കില്ലാ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണം", ഇങ്ങനെയായിരുന്നു അസീസിൻ്റെ പ്രതികരണം.