കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. ഡോ. സംഗീത നമ്പ്യാറിന് മുൻകൂർ ജാമ്യം നൽകി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നാലാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും നിതിൻ രാജിന്റെ കുടുംബത്തിന്റെയും വിശദമായ വാദം കോടതിയിൽ നടന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന കാരണങ്ങളാണ് നിതിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഡോ. റാമിന്റെ പ്രധാന വാദം.
താനും ദളിത് വിഭാഗത്തിൽ പെട്ട ആളാണെന്ന റാമിന്റെ വാദത്തിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ തെളിവ് ഹാജരാക്കി ഈ വാദം തള്ളിയിരുന്നു. സംഭവ സമയം നാട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. സംഗീതയുടെ വാദം. ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയായ ലത ശശിധരനെ പ്രേരിപ്പിച്ചത് റാം ആണെന്നും ഇത് നിതിനോടുള്ള വൈരാഗ്യം കൊണ്ടാണ് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
അതേസമയം, സംഗീതക്ക് ജാമ്യം നല്‍കാനുള്ള തീരുമാനം ലജ്ജാകരമാണെന്ന് നിതിൻ്റെ അച്ഛൻ രാജൻ പറഞ്ഞു. ഡോ.സംഗീതയും റാമും ഒരുപോലെ കുറ്റക്കാരാണ്. ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജൻ അറിയിച്ചു. പൊലീസിൽ വിശ്വാസമില്ലെന്നും അന്വേഷണത്തിൽ കുടുംബം തൃപ്തരല്ലെന്നും അച്ഛൻ പറഞ്ഞു.