KERALA

താമരശേരി ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘര്‍ഷം; പ്ലാന്റിലെ തൊഴിലാളികളെ പൂട്ടിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു; 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കേസില്‍ നേരത്തെ 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: താമരശേരിയിലെ കോഴി അറവ് മാലിന്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ സംഘര്‍ഷത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ഫ്രഷ് കട്ട് തൊഴിലാളി അനൂപിന്റെ പരാതിയില്‍ 30 പേര്‍ക്കെതിരെ വധ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പ്ലാന്റിലെ തൊഴിലാളികളെ കണ്ടെയ്‌നറില്‍ പൂട്ടിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്.

സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പ്ലാന്റ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഫാക്ടറിക്കെതിരായ അതിക്രമ ഗൂഢാലോചന നടത്തിയതാണെന്നും അഞ്ചു കോടിയുടെ നഷ്ടം കണക്കാക്കുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.

കേസില്‍ നേരത്തെ 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ട് ടി. മഹറൂഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അതേസമയം, സമരത്തിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ജനകീയ ഹര്‍ത്താല്‍. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് ഹര്‍ത്താല്‍.

അതേസമയം പൊലീസിനെ കല്ലെറിയുമ്പോള്‍ സമരസമിതി നേതാക്കള്‍ സ്ഥലത്തില്ലെന്നാണ് സൂചന. പ്രത്യേക താല്പര്യമുള്ള ഗ്രൂപ്പാണ് അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് ഉത്തര മേഖല ഡിഐജി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസ് സംയമനം പാലിച്ചിട്ടും ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ വാഹനങ്ങള്‍ ഉള്‍പ്പെടെ സമരാനുകൂലികള്‍ ബോധപൂര്‍വ്വം അഗ്‌നിയാക്കി എന്നുമാണ് പൊലീസ് വാദം.

എന്നാല്‍ ജീവിക്കാന്‍ വേണ്ടിയാണ് സമരം ചെയ്തതെന്നും പൊലീസ് ആണ് പ്രകോപനം സൃഷ്ടിച്ചത് എന്നുമാണ് സമരക്കാരുടെ നിലപാട്. സമരത്തിനിടയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിലാണ് ഹര്‍ത്താല്‍.

SCROLL FOR NEXT