ഫ്രഷ് കട്ട് 
KERALA

'ഫ്രഷ് കട്ട്' പൂട്ടാൻ ചര്‍ച്ചയില്‍ ധാരണ; സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

മാര്‍ച്ച് 31നുശേഷം പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് താമരശ്ശേരി അമ്പായത്തോടിലെ വിവാദ കോഴി മാലിന്യ സംസ്കരണ കേന്ദ്രമായ 'ഫ്രഷ് കട്ട്' അടച്ചുപൂട്ടാൻ ധാരണ. കമ്പനി ഉടമകളും സമരസമിതി നേതാക്കളുമായി നടന്ന ചർച്ചയിലാണ് ധാരണ. മാർച്ച് 31-നകം പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. അതേസമയം, കരാര്‍ സമരം അവസാനിപ്പിക്കാനുള്ള നാടകമെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

എംഎൽഎമാരായ പി.കെ. ഫിറോസ്, സി.കെ. കാസിം, റസാഖ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചർച്ചകൾക്ക് ശേഷമാണ് കരാർ. താമരശ്ശേരിയിലെ 'ഫ്രഷ് കട്ട്' പ്രവര്‍ത്തനം മാര്‍ച്ച് 31നകം അവസാനിപ്പിക്കും. അതിനിടെ, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് തീർക്കും. ദിവസം 25 ടൺ മാലിന്യമാകും സംസ്കരിക്കുക. മാര്‍ച്ച് 31നുശേഷം പ്ലാന്റ് നവാസ മേഖലയല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കും എന്നിങ്ങനെയാണ് കരാര്‍ വ്യവസ്ഥകള്‍. കരാര്‍ ഇന്നുതന്നെ ഒപ്പിട്ടേക്കുമെന്നാണ് വിവരം.

അതേസമയം, കരാർ സംബന്ധിച്ച് സമരസമിതി പ്രവർത്തകർക്കും നാട്ടുകാർക്കുമിടയിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. കരാര്‍ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഒരു വിഭാഗം സമരസമിതി പ്രവർത്തകരുടെ വിമര്‍ശനം. സമരം അവസാനിപ്പിക്കാനുള്ള നാടകമെന്നുമാണ് ഇവരുടെ വാദം. വർഷങ്ങളായി ആറു പഞ്ചായത്തിലെ നാലായിരത്തിലധികം കുടുംബങ്ങൾ കമ്പനിക്കെതിരെ സമരത്തിലാണ്.

'ഫ്രഷ് കട്ടു'മായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി ഹൈക്കോടതിയിൽനിന്ന് ലഭിച്ചിട്ടുമുണ്ട്. അതിനാല്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോടതിക്കു പുറത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത് .

SCROLL FOR NEXT