തന്ത്രി കണ്ഠരര് രാജീവര് 
KERALA

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവര് ജയിൽ മോചിതനായി

കേസിൽ സ്വാഭാവികമല്ലാത്ത ജാമ്യം ലഭിക്കുന്ന പ്രതി കൂടിയാണ് തന്ത്രി എന്നതും ശ്രദ്ധേയമാണ്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച തന്ത്രി കണ്ഠരര് രാജീവര് ജയിൽ മോചിതനായി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ സ്വര്‍ണ മോഷണ കേസുകളിൽ ജയിലിലായി നാല്പത്തിയൊന്നാം ദിവസമാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ സ്വാഭാവികമല്ലാത്ത ജാമ്യം ലഭിക്കുന്ന പ്രതി കൂടിയാണ് തന്ത്രി എന്നതും ശ്രദ്ധേയമാണ്.

തെളിവുകളുടെ അഭാവത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വർണാപഹരണത്തിൽ പങ്കില്ലെന്നും തന്ത്രി വാദിച്ചു. തന്ത്രിയുടെ ജാമ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം, സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് പുറത്തിറങ്ങാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് കുറ്റപ്പെടുത്തി.

അതേസമയം കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കുകയാണ്. ശബരിമല സ്വർണകൊള്ളകേസിൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ കയ്യക്ഷരം പരിശോധിക്കും. മിനിട്സ് തിരുത്തിയതിൽ വ്യക്തത വരുത്താനാണ് കയ്യക്ഷരം പരിശോധിക്കുന്നത്..ജയശ്രീയോട് സ്വത്ത് വിവരങ്ങൾ കൈമാറണമെന്നും ഇ ഡി ആവശ്യപ്പെട്ടു. കേസിൽ നടൻ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം താരത്തെ ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ വ്യക്ത കുറവുണ്ടെന്നാണ് ഇഡി വിലയിരുത്തൽ. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ ജയറാം വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT