കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ 14 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇന്ന് വിധി വന്നിരിക്കുന്നു. പി.ജയരാജനും ടി.വി രാജേഷുമുൾപ്പെടെ കേസിലെ 18 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയുൾപ്പെടെ 13 പേരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
2012 ഫെബ്രുവരി 20ന് നടന്ന കൊലപാതകം മുതൽ സി.ബി.ഐ അന്വേഷണം, കുറ്റപത്രം, വിചാരണ തുടങ്ങി കേസിലെ നിർണായക സംഭവങ്ങൾ ഇങ്ങനെയാണ്...
കൊലപാതകവും ആദ്യഘട്ട അന്വേഷണവും
2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ അരിയിൽ വെച്ച് ആക്രമണമുണ്ടായി. ഇതിന് പിന്നാലെ എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൽ ഷുക്കൂറിനെ രണ്ടര മണിക്കൂറോളം തടഞ്ഞുവെച്ച് പരസ്യവിചാരണ നടത്തിയ ശേഷം കീഴറയിലെ വള്ളുവൻ കടവിന് സമീപം വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒപ്പമുണ്ടായിരുന്ന സക്കറിയയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
2012 മാർച്ച് ഒന്നിന് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സിപിഐഎം പ്രവർത്തകൻ അജിത് കുമാറാണ് അറസ്റ്റിലായത്. മാർച്ച് 22ന് എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെ പ്രതികളാക്കി പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. മാർച്ച് 29ന് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ എട്ട് സിപിഐഎം പ്രവർത്തകർ കണ്ണൂർ കോടതിയിൽ കീഴടങ്ങി.
മെയ് 25ന് പത്താം പ്രതിയായ അജിത് കുമാറിന് ജാമ്യം ലഭിച്ചു. മെയ് 26 മുതൽ ജൂൺ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണുവിനെയും മുഖ്യപ്രതികളിലൊരാളായ ഡിവൈ.എഫ്.ഐ പ്രവർത്തകൻ കെ.വി. സുമേഷിനെയും അറസ്റ്റ് ചെയ്തു. മെയ് 27ന് ഡിവൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറി ഗണേശൻ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവരും അറസ്റ്റിലായി.
ജൂൺ രണ്ടിന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ജൂൺ എട്ടിന് സക്കറിയയെ വെട്ടാൻ ഉപയോഗിച്ച ആയുധവും അന്വേഷണസംഘം കണ്ടെടുത്തു.
പി. ജയരാജന്റെ അറസ്റ്റ്
2012 ജൂൺ 12 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. കേസിലെ പ്രതിപ്പട്ടിക 34 പേരിലേക്ക് നീട്ടുകയും ചെയ്തു. പിന്നാലെ 2012 ഓഗസ്റ്റ് ഒന്നിന് കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ടി.വി. രാജേഷും കേസിൽ പ്രതിയായി. അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ വ്യാപക അക്രമസംഭവങ്ങളുണ്ടായി. പൊലീസ് സ്റ്റേഷനുകളും കെഎസ്ആർടിസി ബസ്സുകളുമടക്കം ആക്രമണത്തിനിരയായി.
സിബിഐ അന്വേഷണം
2016 ഫെബ്രുവരി എട്ടിനാണ് കേസിൽ നിർണായകമായ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജി പരിഗണിച്ച കേരള ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടു.
തുടർന്ന് 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ഇതി്റെ അടിസ്ഥാനത്തിൽ പി. ജയരാജനെ 32-ാം പ്രതിയായും ടി.വി. രാജേഷിനെ 33-ാം പ്രതിയായും ഉൾപ്പെടുത്തി. ഇരുവർക്കുമെതിരെ ഐപിസി 302-ാം വകുപ്പ് പ്രകാരമുള്ള കൊലക്കുറ്റവും 120 ബി വകുപ്പ് പ്രകാരമുള്ള ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്. ആകെ 33 പ്രതികളാണ് സിബിഐ അവസാനം സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്.
വിചാരണയും അന്തിമ വിധിയും
തുടർന്ന് കേസിൻ്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി. ആകെ 33 പ്രതികളിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരണപ്പെട്ടതോടെ 31 പേരാണ് വിചാരണ നേരിട്ടത്. കേസിൽ 82 സാക്ഷികളുണ്ടായിരുന്നുവെങ്കിലും പ്രധാനപ്പെട്ട ചില സാക്ഷികൾ വിചാരണ വേളയിൽ ഹാജരായിരുന്നില്ല.
2012 ഫെബ്രുവരി 20ന് ആരംഭിച്ച കേസിലെ നിയമനടപടികൾ 14 വർഷത്തിലേറെ നീണ്ടതിനൊടുവിലാണ് ഇപ്പോൾ അന്തിമവിധി വിധി വന്നിരിക്കുന്നത്. തെളിവുകൾ ഹാജരാക്കാനാവാതിരുന്നതും വിചാരണ വേളയിൽ സാക്ഷികൾ ഹാജരാവാതിരുന്നതുമാണ് പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നിൽ.