18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉണ്ടായിട്ടും ആനുകൂല്യങ്ങള്‍ കിട്ടാതെ കുഞ്ഞുങ്ങള്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പോലും സൗജന്യ ചികിത്സ ലഭിക്കാത്തവരുണ്ട് കേരളത്തില്‍. സ്വന്തമായി ശ്വാസം എടുക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിലായി മൂന്ന് മാസം ഐസിയുവില്‍ കഴിഞ്ഞ 12കാരി ആര്‍ച്ച തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ക്ക് ചെലവായത് 86,000ത്തിലധികം രൂപ.
പൂക്കളുടെയും നിറങ്ങളുടെയും ലോകം ഇപ്പോള്‍ അവള്‍ക്ക് ഒരു മുറിക്കുള്ളില്‍ ആണ്. പത്താം മാസം മുതല്‍ അവളെ രോഗങ്ങള്‍ അലട്ടി തുടങ്ങി. ഏഴ് വയസ്സില്‍ കസേരയിലേക്ക് ചുരുങ്ങി. ഇടയ്ക്കിടെ ആശുപത്രിയിലാകും ശ്വാസം കിട്ടാതെ പിടയും. ഐസിയുവിന്റെ തണുപ്പില്‍ മാസങ്ങള്‍ നീണ്ട കിടപ്പ്. ഏക മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ തലങ്ങും വിലങ്ങും ഓടുന്ന മാതാപിതാക്കള്‍... അവര്‍ക്ക് ആശ്രയമാക്കേണ്ട സര്‍ക്കാരാണ് കൈമലര്‍ത്തിയത്.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യകിരണം പദ്ധതി നടപ്പാക്കിയ കേരളത്തിലാണ് ആര്‍ച്ചയെ പോലുള്ള കുഞ്ഞുങ്ങള്‍ സൗജന്യ ചികിത്സയും മരുന്നും കിട്ടാതെ വലയുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സൗജന്യ ചികിത്സ കിട്ടുമോ എന്ന് നോക്കി. 500 രൂപയ്ക്ക് താഴെയുള്ള ചികിത്സയാണെങ്കില്‍ അത് സൗജന്യം. അതിനു മുകളിലേക്ക് ആണെങ്കില്‍ പണം കൊടുക്കണം, അത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആണെങ്കിലും. ആര്‍ച്ചയുടെ അച്ഛന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ വിക്രമന് മകളുടെ ചികിത്സയും കുടുംബത്തിന്റെ ചെലവുകളും മുന്നോട്ടുകൊണ്ടുപോകാന്‍ ആകാത്ത സ്ഥിതി. ഇപ്പോഴാണെങ്കില്‍ യന്ത്ര സഹായമില്ലാതെ ശ്വാസം എടുക്കാന്‍ പോലും കുഞ്ഞ് ആര്‍ച്ചക്ക് കഴിയില്ല.
ആരോഗ്യകിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് 1700 കോടി രൂപയാണ് സര്‍ക്കാര്‍ കുടിശിക നല്‍കാന്‍ ഉള്ളത്. ഈ കുടിശിക കിട്ടാതെ മരുന്നും ഉപകരണങ്ങളും അടക്കം ഒന്നും വിതരണം ചെയ്യില്ലെന്ന് നിലപാടിലാണ് കമ്പനികള്‍. ഇതിന്റെ ഫലം അനുഭവിക്കുന്നവരാകട്ടെ സര്‍ക്കാര്‍ വാക്ക് വിശ്വസിച്ച് സൗജന്യ ചികിത്സ തേടിയെത്തുന്ന ആര്‍ച്ചയെ പോലുള്ള പാവങ്ങള്‍. മരുന്നും സൗജന്യമായി കിട്ടില്ല പരിശോധനകളും സൗജന്യമില്ല ചികിത്സയും സൗജന്യമല്ല. ഇതൊരു ആര്‍ച്ചയുടെ മാത്രം കാര്യമല്ല. ആര്‍ച്ചയെ പോലെ നിരവധി പേരുണ്ട് ഇങ്ങനെ എല്ലാത്തരത്തിലും സൗജന്യ ചികിത്സ നിഷേധിക്കപ്പെട്ടവര്‍. പക്ഷേ സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയും സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാം സൗജന്യമാണെന്ന് അങ്ങനെയല്ലെന്ന് ആര്‍ച്ചയുടെ അച്ഛന്‍ അടിവരയിട്ട് പറയും, തെളിവുകള്‍ നിരത്തി,സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍.
കുടിശ്ശിക കിട്ടിയില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറും എന്നുള്ള അറിയിപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട് അതേസമയം സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സയില്‍ നിന്ന് പിന്മാറില്ല. പക്ഷേ സൗജന്യം ഉണ്ടാകില്ല.