വയനാട്: കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ദുരന്തസ്ഥലത്തെ നാല് സോണുകളാക്കി തിരിച്ചാണ് തിരച്ചിൽ തുടരുന്നതെന്നും ഇതിൽ സോൺ ത്രീയിൽ നിന്നുമാണ് മൃതദേഹം ലഭിച്ചതെന്നും റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരിൽ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലത്തെ തിരച്ചിലിനെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ഇന്ന് കൂടുതൽ മേഖലയിൽ തിരച്ചിൽ നടത്തും. മീനാക്ഷി പാലത്തിനു താഴെ ഇന്ന് കൂടുതൽ തിരച്ചിൽ നടത്തും. ദുരന്തം നടന്നതിന് പിന്നാലെ കിട്ടിയ പ്രാഥമിക വിവരത്തിലാണ് കൂട്ടിയിട്ട് മണ്ണാണ് താഴേക്ക് വന്നത് എന്ന് പറഞ്ഞത്. പിന്നീടാണ് അതല്ല എന്ന് മനസിലാക്കിയത്. ഈ സർക്കാരിന്റ കാലത്തുള്ള നിർമാണ പ്രവർത്തനമല്ല. ടെക്നിക്കൽ കമ്മിറ്റിയുടെ പഠന റിപ്പോർട്ട് പുറത്തുവരട്ടെ എന്നും മന്ത്രി പറഞ്ഞു.