KERALA

തറക്കല്ലിലൊതുങ്ങിയ വികസന പദ്ധതി! കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനലിൻ്റെ നിർമാണം ഇന്നും അനിശ്ചിതത്വത്തിൽ

അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ 200 കോടി രൂപ ചെലവിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളേജ് ബസ് ടെർമിനലിന്റെ നിർമാണം ഇന്നും അനിശ്ചിതത്വത്തിൽ. ഒന്നര പതിറ്റാണ്ടായിട്ടും പദ്ധതി ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. നിർമാണത്തിന് തയ്യാറെന്ന് ചൂണ്ടിക്കാട്ടി നൽകിയ പ്ലാനിലും, സ്ഥലമേറ്റെടുക്കലിലും ഒരു പുരോഗതിയുമില്ല. അഭിമാന പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് മേയർ പറയുമ്പോഴും, പ്രവർത്തനം നിലച്ചിരിക്കുകയാണ്.

മെഡിക്കൽ കോളേജ്-മാവൂർ റോഡിനോട് ചേർന്നാണ് ടെർമിനലിന് സ്ഥലം കണ്ടെത്തിയത്. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ 200 കോടി രൂപ ചെലവിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. 2009ൽ അന്നത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് മൂന്നര ഏക്കറിൽ ബിഒടി അടിസ്ഥാനത്തിൽ ബസ് ടെർമിനൽ നിർമാണത്തിന് തറക്കല്ലിട്ടത്.

ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെ തുടർന്ന് 2011ൽ ചിലർ വിജിലൻസ് കേസ് ഫയൽ ചെയ്തതോടെ പദ്ധതി നിലച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേസുകൾ തീർന്നെങ്കിലും ഇപ്പോഴും അനാസ്ഥ തുടരുകയാണ്. 2023ൽ കേസ് തള്ളിയതോടെ മിൻഫ്ര സ്ട്രക്ചേഴ്സ് എന്ന പ്രവാസി കൂട്ടായ്‌മ സ്ഥാപനം പുതിയ പ്ലാനിങ് അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

കാരന്തൂർ റോഡിൽനിന്ന് പ്രവേശിക്കാനുള്ള ഭാഗത്തെ സ്ഥലം നിലവിൽ ആഭ്യന്തര വകുപ്പിൻ്റെ സ്ഥലമാണ്. ഇത് ലീസിന് ലഭ്യമാക്കുന്നതിന് ആഭ്യന്തര വകുപ്പുമായുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി അതിലുമുണ്ടായില്ല. അതേസമയം കോർപറേഷന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

വാഹനത്തിരക്കുമൂലം നിന്ന് തിരിയാൻ ഇടമില്ലാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് ജംഗ്ഷനും പരിസരപ്രദേശങ്ങളും അധികൃതർ കണ്ണു തുറന്നു കാണണമെന്നും. മെഡിക്കൽ കോളേജിലേക്ക് എത്തുന്നവരുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നും പൊതുപ്രവർത്തകർ ഉൾപ്പടെ ആവശ്യപ്പെടുന്നു.

SCROLL FOR NEXT