തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാ ദൗത്യത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ രാജേഷിൻ്റെ മൃതദേഹത്തോട് കാട്ടിയത് കൊടിയ അനാദരവ്. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടു പോയ മൃതദേഹം ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ ഫ്രീസറില്ലെന്നത് അറിയില്ലായിരുന്നെന്നാണ് പയ്യന്നൂർ തഹസീൽദാരുടെ പ്രതികരണം. ഫ്രീസറില്ലാത്ത യാത്രയിൽ മൃതദേഹം എംബാം ചെയ്തുമില്ലെന്നാണ് ആരോപണം.
ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തപ്പോൾ തന്നെ ഫ്രീസർ ഉള്ള ആംബുലൻസ് വേണമെന്ന് പറഞ്ഞിരുന്നുവെന്ന് വാർഡ് മെമ്പർ മഹേഷ് പറഞ്ഞു. ദുർഗന്ധം രൂക്ഷമായതോടെ ആംബുലൻസ് മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തൃശൂർ ചാവക്കാട് വെച്ച് മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയത്. മൃതദേഹം മാറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ ഓർത്ത് ഇതുവരെയും വിവരം പുറത്ത് പറഞ്ഞില്ല. അപ്പോൾ അനുഭവിച്ച ദുർഗന്ധം ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. ഇനി പരാതി നൽകണോ വേണ്ടയോ എന്നുള്ളത് കുടുംബാംഗങ്ങളുമായി ആലോചിക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു.