തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടി.യെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. സിഎംആർഎമ്മിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇ.ഡി പറയുന്നത്. ഐടി സേവനങ്ങൾ സംബന്ധിച്ച് സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചയെന്നാണ് വീണ മൊഴി നൽകിയത്. അതിനാൽ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്‌സാലോജിക് നിലവിൽ പ്രവർത്തിക്കുന്നില്ല. സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും മറുപടി. എന്നാൽ സിഎംആർഎമ്മിൽ നിന്ന് ലഭിച്ച 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടില്ല. രേഖകൾ കൂടി ലഭിച്ചശേഷമാകും വീണ്ടും സമൻസ് അയക്കുക.
കേസിൽ കരുതലോടെ നീങ്ങാനാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ തീരുമാനം. വീണ ടി. ഹാജരാക്കിയ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കേസിൽ മറ്റൊരു കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ ശേഖരിച്ച രേഖകളും ഇ.ഡിക്ക് ഉടൻ ലഭിച്ചേക്കും. ഇന്നലെ എട്ട് മണിക്കൂറോളമാണ് വീണ ടിയെ കൊച്ചിയിലെ ഓഫീസിൽ ഇ.ഡി ചോദ്യം ചെയ്തത്. സിഎംആര്‍എല്‍ കമ്പനിയുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ ഇ.ഡിക്ക് കൈമാറിയെന്നാണ് സൂചന.
അതേസമയം, പിണറായി വിജയൻ താമസിക്കുന്ന വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് ഉത്തരവ് പറയും. കേസിലെ ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവ് പറയുക. കഴിഞ്ഞ ദിവസങ്ങളിലായി കേസിലെ ഒന്ന് മുതൽ 25 വരെയുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പും നടത്തിയിരുന്നു.