KERALA

കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നു, കള്ളനെന്ന് ആരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് കൊന്നു; അട്ടപ്പാടി മധു വധക്കേസിന്റെ നാൾവഴികൾ...

സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നീതി തേടിയുള്ള ഒൻപത് വർഷങ്ങൾ.. മധു വധക്കേസ് അട്ടപ്പാടിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ തീരാവേദനയാണ്. രാജ്യമാകെ ചർച്ച ചെയ്യപ്പെട്ട കേസ്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. അതിദരിദ്രനും നിസഹായനും മനോദൗര്‍ബല്യവുമുള്ള ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കുകയായിരുന്നു. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി മധു മരിച്ചു.

കൊല്ലപ്പെടുമ്പോൾ വെറും 27 വയസായിരുന്നു മധുവിന്. ഏഴാം ക്ലാസ് വരെ പഠിച്ച, മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കാടിനു സമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻപോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമായിരുന്നു.

കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. ആൾക്കൂട്ടം മധുവിനെ ക്രൂരമായി മർദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലയിൽ വച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്ക് ഇവർ മധുവിനെ നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിൽ എത്തിച്ചശേഷവും മർദിച്ചുവെന്നാണ് കേസ് രേഖകളിൽ പറയുന്നത്.

പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്ക് മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. ആന്തരികായവങ്ങൾക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. തലയ്ക്ക് പിന്നിൽ മാരകമായി മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവേറ്റ പാടുകളുണ്ടായിരുന്നു. പ്രതികൾ തന്നെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതും. മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മധുവിനൊപ്പമുള്ള ചിത്രം സെൽഫിയെടുത്തും പ്രതികൾ പ്രചരിപ്പിച്ചു.

16 പേരെയാണ് കേസിൽ പ്രതികളാക്കിയത്. 2018 മെയ് 22നാണ് പ്രത്യേക അന്വേഷണ സംഘം കേസില് 3,000 പേജുള്ള കുറ്റപത്രം മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയിൽ സമർപ്പിച്ചത്. 1989ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കൊലപാതകം, കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്. 2018 മെയ് 31ന് 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണ വൈകിയതോടെ കേസിൽ ഹൈക്കോടതി ഇടപ്പെട്ടിരുന്നു. 2022 ജനുവരി 25 ന് മണ്ണാര്‍ക്കാട്‌ കോടതിയില്‍ കേസ് പരിഗണിച്ചു.

124 സാക്ഷികളാണ് ഉൾപ്പെടുത്തിയത്. 103 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. എട്ട് സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. 24 സാക്ഷികൾ കൂറുമാറി. പിന്നാലെ മധുവിന്റെ അമ്മയും സഹോദരിയും സർക്കാരിനെ സമീപിച്ചു. അങ്ങനെയാണ് രാജേഷ് എം. മേനോൻ എന്ന അഭിഭഷകനെ അവർക്ക് പ്രോസിക്യൂട്ടറായി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവോടെ കേസിന്റെ ഗതിതന്നെ മാറി. പ്രോസിക്യൂട്ടർ രാജേഷ് ഈ കേസിൽ വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം നടപ്പാക്കി. അതോടെ പ്രതികളും സാക്ഷികളും തമ്മിലുള്ള അവിശുദ്ധബന്ധം കണ്ടെത്താൻ കഴിഞ്ഞു. അത് കേസിൽ വളരെ നിർണായകമായി. പിന്നാലെ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നത് തടയാനും കഴിഞ്ഞു.

16 പ്രതികളിൽ 14 പേരെ കുറ്റക്കാരാണ് എന്ന് വിചാരണ കോടതി കണ്ടെത്തി. രണ്ടുപേരെ കോടതി വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട 14ൽ 13 പേർക്കും ഏഴുവർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ കരുതിയിരുന്നത്. പിന്നാലെ കോടതി വിധിയിൽ തൃപ്തരല്ലെന്ന് കാണിച്ച് മധുവിന്റെ അമ്മയും സഹോദരിയും ഹൈക്കോടതിയെ സമീപിച്ചു. മധുവിന്റെ കുടുംബത്തിന്റെയും ഇതിനൊപ്പം വിചാരണക്കോടതി വിധിക്കെതിരെ പ്രതികളും സമർപ്പിച്ച അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. മറ്റുള്ള പ്രതികളുടെ അപ്പീൽ തള്ളി. വിചാരണ കോടതി ഏഴുവർഷം തടവിനുശിക്ഷിച്ച ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. ഇതിനൊപ്പം വിചാരണക്കോടതി നാലാം പ്രതിയെയും 11ാം പ്രതിയെയും കുറ്റവിമുക്തരാക്കിയ നടപടിയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

SCROLL FOR NEXT