ഉച്ചഭക്ഷണ വിതരണം  Source: News Malayalam 24x7
KERALA

ഭക്ഷണ മെനു ഉഗ്രൻ, പക്ഷേ പണമില്ല; സംസ്ഥാനത്തെ സ്‌കൂളുകൾ പ്രതിസന്ധിയിൽ

നിലവിൽ അനുവദിക്കുന്ന തുക ഉപയോഗിച്ച് പുതുക്കിയ മെനുപ്രകാരം എങ്ങനെ ഭക്ഷണം നൽകുമെന്ന ആശങ്കയാണ് അധ്യാപകർ പങ്കുവെയ്ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്കൂളുകളിലെ ഭക്ഷണമെനു ഉഗ്രനാക്കിയെങ്കിലും,പദ്ധതിക്കുള്ള ഫണ്ടിൽ ഒരു രൂപ പോലും വർധന വരുത്താതെ സർക്കാർ. ഫണ്ട് വർധിപ്പിക്കാത്ത സാഹചര്യത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിലവിൽ അനുവദിക്കുന്ന തുക ഉപയോഗിച്ച് പുതുക്കിയ മെനുപ്രകാരം എങ്ങനെ ഭക്ഷണം നൽകുമെന്ന ആശങ്കയാണ് അധ്യാപകർ പങ്കുവെയ്ക്കുന്നത്. സാധനങ്ങളുടെ ലഭ്യതയും, വിലയും പരിഗണിച്ച് തുക വർധിപ്പിച്ചില്ലെങ്കിൽ നിലവിലെ ഉച്ചഭക്ഷണം പോലും പ്രതിസന്ധിയിലാണെന്നും അധ്യാപകർ പറയുന്നു.

ചോറും കറിക്കും പുറമെ ആഴ്ചയിൽ ഒരിക്കൽ ഫ്രൈഡ് റൈസ്, ബിരിയാണി തുടങ്ങി സംസ്ഥാനത്തെ സ്കൂളുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനുവിൽ വിഭവങ്ങൾ ഏറെയുണ്ട്. എന്നാൽ നിലവിൽ ഒരു കുട്ടിക്ക് ഭക്ഷണം നൽകുന്നതിനായി സർക്കാർ എൽപി വിഭാഗത്തിന് നൽകുന്നത് 6.78 രൂപയും യുപി വിഭാഗത്തിൽ 10.17 രൂപയുമാണ്. ഈ തുകക്ക് എങ്ങനെ ബിരിയാണിയും, ഫ്രൈഡ് റൈസും നൽകുമെന്നാണ് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകർ ചോദിക്കുന്നത്.

100 വിദ്യാർഥികളുള്ള ഒരു എൽപി സ്കൂളിന് 20 ദിവസത്തേക്ക് ഭക്ഷണം വിളമ്പാൻ 13560 രൂപയാണ് അനുവദിക്കുന്നത്. എന്നാൽ 100 വിദ്യാർഥികളുള്ള ഒരു സ്കൂളിന് പുതുക്കിയ ഭക്ഷണമെനു പ്രകാരമാണെങ്കിൽ 20 ദിവസത്തേക്കുള്ള ഏകദേശ ചിലവ് 30,000 രൂപ വരും. 16440 രൂപ അധിക ബാധ്യതയാണ്. ഇത് അധ്യാപകരെയാണ് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്.

500-ൽ താഴെ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ഒരു പാചക തൊഴിലാളി മാത്രമാണുള്ളത് എന്നതും പരിമിതിയാണ്. സർക്കാരിൻ്റെ തുച്ഛമായ ഫണ്ട് തന്നെ സ്ഥിരമായി കുടിശികയായതിനാൽ നിലവിലുള്ള രീതിയിൽ പദ്ധതി നടത്താൻ പോലും സ്കൂളുകൾ ബുദ്ധിമുട്ടുകയാണ്. അധ്യാപകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കാതെ ഉച്ചഭക്ഷണ മെനുവിൻ്റെ തുക വർധിപ്പിക്കണമെന്നും ആവശ്യത്തിന് പാചക തൊഴിലാളികളെ അനുവദിക്കണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.

SCROLL FOR NEXT