ആറന്മുള വിവാദ പദ്ധതിയിൽ സർക്കാരിൻ്റെ ദുരൂഹനീക്കം Source: News Malayalam 24x7
KERALA

BIG BREAKING | ആറന്മുള വിവാദ പദ്ധതിയിൽ സർക്കാരിൻ്റെ ദുരൂഹനീക്കം; ഉപേക്ഷിച്ച പദ്ധതിയിൽ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഐടി സ്പെഷ്യൽ സെക്രട്ടറി

ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വേണ്ടെന്ന് തീരുമാനിച്ച പദ്ധതിക്കായിട്ടാണ് ഇപ്പോൾ നീക്കം നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

റവന്യു, കൃഷി വകുപ്പുകളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ആറന്മുള വിവാദ പദ്ധതിയിൽ സർക്കാരിൻ്റെ ദുരൂഹനീക്കം. പദ്ധതിയുടെ സാധ്യത തേടി ഐടി സ്പെഷ്യൽ സെക്രട്ടറി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

പ്രൊജക്ടിനായി അപേക്ഷിച്ച ടോഫൽ പ്രൈവറ്റ് ലിമിറ്റഡ്, കളക്ടർക്ക് സമർപ്പിച്ച കത്തിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വേണ്ടെന്ന് തീരുമാനിച്ച പദ്ധതിക്കായിട്ടാണ് ഇപ്പോൾ നീക്കം നടത്തുന്നത്.

ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് അവിടെ ഐടി മാനുഫാച്ചറിങ് ക്ലസ്റ്റർ തുടങ്ങുന്നുവെന്ന പേരിൽ ടോഫൽ പത്തനംതിട്ട പ്രൈവറ്റ് ലിമിറ്റഡ് ഒരു കമ്പനി തുടങ്ങിയത്.

ഈ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ എന്നിവർ അതിരൂക്ഷമായി വിമർശിച്ചിരുന്നു. നെൽവയൽ സംരക്ഷണ നിയമം കാറ്റിൽ പറത്തുന്നതും ജലസംരക്ഷണത്തിന് ഭീഷണി ഉണ്ടാക്കുന്നതുമായ ഈ പദ്ധതിയാണിത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നാണ് മന്ത്രിമാർ നിലപാടെടുത്തത്.

ജൂൺ 16 ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്നിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് ഈ യോഗത്തിൽ ഉയർന്നത്. ഐടി മാനുഫാച്ചറിങ് ക്ലസ്റ്റർ എന്ന പേരിൽ ഒരു കമ്പനി ആറന്മുളയിൽ വേണ്ടെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഐടി സ്പെഷ്യൽ സെക്രട്ടറി നിർണായക നീക്കം നടത്തിയത്.

അതേസമയം, വാർത്ത പുറത്തു വന്നതിന് പിന്നാലെ ആറന്മുളയിലെ പൊതുജനങ്ങൾ പദ്ധതിക്കെതിരായി ശക്തമായ നിലപാടെടുക്കുമെന്ന് ആറന്മുള പൈതൃക ഗ്രാമ കർമസമിതി അംഗം സുരേഷ് പദ്ധതി പുനരാരംഭിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലൂടെ നിയമപരമായി നേരിടും. പൊതുജനത്തിൻ്റെ അഭിപ്രായത്തെ മറികടന്നു കൊണ്ട് ഒരു പദ്ധതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും സുരേഷ് അറിയിച്ചു.

സർക്കാർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് കരുതുന്നില്ല. ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ സമരത്തെ പിന്തുണച്ചവരാണ്. സ്ഥലത്ത് വിത്തിട്ടത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണാ ജോർജുമാണ്. ആ രാഷ്ട്രീയ നേതൃത്വം ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്നും സുരേഷ് പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള സമ്മർദവും ഉദ്യോഗസ്ഥ തലത്തിലെ നീക്കവും ആയിരിക്കാം ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേഷ് പറഞ്ഞു.

SCROLL FOR NEXT