പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്ദു  Source: News Malayalam 24x7
KERALA

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കെഎസ്ഇബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. ഇരുവരും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂലൈയിൽ തിരൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കെഎസ്ഇബി ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.

ജൂൺ 7നാണ് വഴിക്കടവിൽ മീൻ പിടിക്കാൻ പോകുന്നതിനിടെ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് അനന്ദു മരിച്ചത്. അനന്ദുവിൻ്റെ കൂടെ ഉണ്ടായിരുന്നു രണ്ട് പേർക്കും ഷോക്കേറ്റിരുന്നു.

സംഭവത്തിൽ പ്രദേശവാസിയായ വീനീഷിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതി സ്ഥിരമായി വന്യമൃഗങ്ങളെ കെണിവച്ചു പിടിക്കുന്ന ആളെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സുഹൃത്ത് കുഞ്ഞു മുഹമ്മദിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇറച്ചിക്കായുള്ള പന്നിപിടിക്കൽ ഇവിടെ ബിസിനസ് ആണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രതി സ്ഥിരമായി വന്യമ്യഗങ്ങളെ കെണി വെച്ച് പിടിച്ച് ഇറച്ചി വിൽക്കുന്നയാളാണ് എന്ന് പൊലീസ് പറഞ്ഞു. പന്നിയ്‌ക്ക് വെച്ച വൈദ്യുതി കെണി തന്നെയെന്ന് പ്രതി സമ്മതിച്ചതായി എസ്‌പി അറിയിച്ചു.

എന്നാൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതിക്കെണിയെ കുറിച്ച് നിരവധി തവണ കെഎസ്ഇബിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. മരണത്തിൽ പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

വിദ്യാർഥി മരണം നിലമ്പൂരിൽ രാഷ്‌ട്രീയ പോരിലേക്കാണ് വഴിതെളിച്ചത്. വനംമന്ത്രി എ. കെ. ശശീന്ദ്രനായിരുന്നു വിദ്യാർഥിയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് ആദ്യം രംഗത്തെത്തിയത്. മന്ത്രിയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കൂടി രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോര് മുറുകി.

എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും രംഗത്തെത്തി. മന്ത്രിയുടെ ആരോപണം ശുദ്ധ കളവും വിവരക്കേടുമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. ആരോപണം തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു. അതിന് സാധിച്ചില്ലെങ്കിൽ മന്ത്രി പിൻവലിച്ച് മാപ്പ് പറയണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.

SCROLL FOR NEXT