KERALA

പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ നിയമിക്കാൻ പറ്റാത്ത പാർട്ടിയാണോ കോൺഗ്രസ് എന്ന് കെ. മുരളീധരൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വൈകുന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ ഉയർന്നത് രൂക്ഷ വിമർശനം. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വിഷയം ആദ്യം ഉന്നയിച്ചത്. പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന കൊടിക്കുന്നിലിന്റെ ആക്ഷേപം പി.ജെ. കുര്യൻ, കെ. മുരളീധരൻ, ആന്റോ ആന്റണി, ഷാനിമോൾ ഉസ്മാൻ എന്നിവരും ഏറ്റുപിടിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ നിയമിക്കാൻ പറ്റാത്ത പാർട്ടിയാണോ കോൺഗ്രസ് എന്ന് കെ. മുരളീധരൻ ചോദിച്ചു.

അനന്തമായ നീളുന്ന കെപിസിസി പുനസംഘടനയ്ക്കെതിരെയാണ് യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നത്. പുന:സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

നിലവിലുള്ള 30ലേറെ പേർക്ക് പുറമേ 48 ജനറൽ സെക്രട്ടറിമാരെ കൂടി നിയമിക്കാനാണ് നീക്കം. ഒൻപത് വൈസ് പ്രസിഡന്‍റുമാരെയും അധികമായി ഉൾപ്പെടുത്തും. ഇക്കാര്യം നേതൃത്വം അറിയിച്ചു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സെക്രട്ടറിമാരെ കൂടി നിയമിക്കണമെന്ന് പൊതുവികാരം ഉയർന്നു. ഇതോടെ, പുന:സംഘടന വിപുലമാക്കാനും ധാരണയായി.

SCROLL FOR NEXT