Source: News Malayalam 24x7
KERALA

ഡാർക്ക് വെബ് വഴിയുള്ള ലഹരിക്കടത്ത്: മുഖ്യപ്രതിയെ ഉടൻ ഇന്ത്യയിലെത്തിക്കും

ഓസ്‌ട്രേലിയയിൽ നിന്ന് ലഹരിക്കടത്ത് നിയന്ത്രിച്ചിരുന്ന വാഴക്കാല സ്വദേശിയെയാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഡാർക്ക് വെബ് വഴിയുള്ള ലഹരിക്കടത്ത് കേസിൽ മുഖ്യപ്രതിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഓസ്‌ട്രേലിയയിൽ നിന്ന് ലഹരിക്കടത്ത് നിയന്ത്രിച്ചിരുന്ന വാഴക്കാല സ്വദേശിയെയാണ് അന്വേഷണസംഘം കണ്ടെത്തിയത്.

മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാൻ എൻസിബി നടപടികളാരംഭിച്ചു. എഡിസണെയും എൻസിബി വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ലഹരിക്കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഓസ്‌ട്രേലിയയിൽ വെച്ച് ബിറ്റ് കോയിൻ ആക്കി മാറ്റിയത് ഇയാളാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ മൂവാറ്റുപുഴയിൽ നിന്നും പിടികൂടിയ എഡിസണിൽ നിന്നും നിർണായക വിവരങ്ങളാണ് കണ്ടെത്തിയിരുന്നത്. മയക്കുമരുന്ന് ശൃംഖലയിൽ നിന്നും എഡിസൺ പത്തു കോടിയിലേറെ രൂപ സമ്പാദിച്ചെന്ന് കണ്ടെത്തിയിരുന്നു. എഡിസണിൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

മെക്കാനിക്കൽ എഞ്ചിനീയറായി യുഎസിൽ ജോലി ചെയ്യുന്ന സമയത്താണ് എഡിസൺ ലഹരി ഇടപാടുകാരെ പരിചയപ്പെട്ടത്. 1000 ത്തിലധികം ലഹരി ഇടപാടുകളാണ് എഡിസൺ രണ്ടു വർഷത്തിനിടെ നടത്തിയത്.

എഡിസണിൻ്റെ ലഹരി ഇടപാടിൽ അരുൺ തോമസിന് നേരിട്ട് പങ്കുണ്ടെന്നും വിദേശത്തുനിന്നും പാഴ്‌സൽ വരുന്ന ലഹരിവസ്തുക്കൾ വാങ്ങി വിതരണം ചെയ്തത് അരുൺ തോമസാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എഡിസണിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും 847 എല്‍എസ്‌ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കണ്ടെത്തിയിരുന്നു.

SCROLL FOR NEXT