കാലവർഷം നാളെ എത്തില്ല 
KERALA

കാലവർഷം നാളെ എത്തില്ല; ജല സംഭരണികൾ നിറയ്ക്കേണ്ട വെള്ളം ലഭിക്കില്ലെന്ന് റിപ്പോർട്ട്

എൽനിനോ പ്രതിഭാസം ഡിസംബർ വരെ നിലനിൽക്കുമെന്ന് ഐഎംഡി ഡയറക്ടർ നീത.കെ. ഗോപാൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവർഷം എത്തില്ലെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ചയോടെയാകും മഴ ലഭിക്കുക. എൽനിനോ പ്രതിഭാസം ഡിസംബർ വരെ നിലനിൽക്കുമെന്ന് ഐഎംഡി ഡയറക്ടർ നീത.കെ. ഗോപാൽ പറഞ്ഞു.

എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ വേണ്ടത്ര മഴ ലഭിക്കാൻ സാധ്യതയില്ല. ജലസംഭരണികൾ നിറയ്ക്കേണ്ട മഴ ലഭിക്കില്ല. ഇത് പല വൈദ്യുതി പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിവരം.

പല ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തൃശൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതചുഴിയും, കേരള–തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപ്, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

SCROLL FOR NEXT