കാലിത്തീറ്റയുടെ വില ചാക്കിന് 120 രൂപ വർധിച്ചു 
KERALA

എഥനോളിനായി ചോള സംഭരണം; ക്ഷീര കർഷകർ ആശങ്കയിൽ, കാലിത്തീറ്റയുടെ വില ചാക്കിന് 120 രൂപ വർധിച്ചു

എഥനോൾ ഉൽപ്പാദനത്തിനു വേണ്ടി കമ്പനികൾ വൻതോതിൽ ചോളം സംഭരിക്കാൻ ആരംഭിച്ചതോടെ കാലിത്തീറ്റയ്ക്ക് ഒരു മാസത്തിനിടെ വൻ വർധന.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെ സംബന്ധിച്ച ചർച്ചകൾ രാജ്യമൊട്ടാകെ അലയടിക്കുമ്പോൾ കേരളത്തിലെ ക്ഷീര കർഷകരുടെയും നെഞ്ചിടിക്കുകയാണ്. എഥനോൾ ഉൽപാദനത്തിനു വേണ്ടി കമ്പനികൾ വൻതോതിൽ ചോളം സംഭരിക്കാൻ ആരംഭിച്ചതോടെ കാലിത്തീറ്റയ്ക്ക് ഒരു മാസത്തിനിടെ, ചാക്കിന് 100 മുതൽ120 രൂപ വരെയാണ് വർധിച്ചത്.

കോഴിത്തീറ്റയുടെ വിലയിലും 150 രൂപ വരെ വർധനവ് വന്നതോടെ ക്ഷീര, കോഴി കർഷകർ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പാൽവില വർധനയുടെ നല്ലൊരു പങ്ക് കർഷകർക്കാണ് ലഭിക്കുന്നതെന്നാണ് മിൽമ അവകാശപ്പെടുന്നത്. എന്നാൽ ഉൽപാദനച്ചെലവിന് മൂക്കുകയറിടാൻ പറ്റാത്ത നിലയിലാണ് കർഷകർ.

കാലിത്തീറ്റയ്ക്കു പുറമേ, വൈക്കോലിനും മരുന്നിനും വില വർധിച്ചു. സ്വകാര്യ കാലിത്തീറ്റയ്ക്കാണ് വൻ വില വർധന ഉണ്ടായിരിക്കുന്നത്. രണ്ടു മാസത്തിനിടയിൽ 100 മുതൽ 120 രൂപയുടെ വർധനവ് ഉണ്ടായെന്ന് വിതരണക്കാർ പറയുന്നു. കേരള ഫീഡ്‌സിൻ്റെ ഡയറി റിച്ച് പ്ലസ് 50 കിലോ ചാക്കിന് 1644 രൂപയായും 'മിടുക്കി'ക്ക് 1325 രൂപയായും വർധിച്ചു.

കെഎസ് കാലിത്തീറ്റയുടെ ഡീലക്സ് പ്ലസിന് 1600 രൂപയായി. സുപ്രീം കാലിത്തീറ്റ 1750 രൂപ, കെഎസ് ഹൈപ്രോ 1915 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. വിതരണക്കാരുടെ കമ്മീഷൻ കൂടി എടുക്കുമ്പോൾ വില വീണ്ടും വർധിക്കുകയാണ്. വിഷയത്തിൽ സർക്കാരിൻ്റെ അടിയന്തര ഇടപെടലാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.

SCROLL FOR NEXT