KERALA

വയ്യാവേലിയായി സൗരോർജ വൈദ്യുതി വേലി! കോടികൾ ചെലവിട്ട പദ്ധതി പാതിനിലച്ച മട്ടിൽ; ബുദ്ധിമുട്ടിലായി ജനങ്ങൾ

പല സ്ഥലങ്ങളിലും സ്ഥാപിച്ച വേലികള്‍ വന്യമൃഗങ്ങൾ തകർത്തു

Author : ലിൻ്റു ഗീത

തൃശൂർ: വന്യമൃഗശല്യം രൂക്ഷമായ അതിരപ്പിള്ളിയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയായിരുന്നു വനംവകുപ്പിന്‍റെ സൗരോർജ വൈദ്യുതി വേലികൾ. മാസങ്ങൾക്ക് മുൻപ് വലിയ പ്രചാരത്തോടെ ആരംഭിച്ച പദ്ധതി ഇന്ന് പക്ഷേ പാതിവഴിയിൽ നിലച്ച മട്ടാണ്. പല സ്ഥലങ്ങളിലും സ്ഥാപിച്ച വേലികള്‍ വന്യമൃഗങ്ങൾ തകർത്തു. ഇതോടെ കോടികള്‍ മുടക്കിയ വെെദ്യുത വേലി വയ്യാവേലി ആയെന്നാണ് അതിരപ്പിള്ളിക്കാർ പറയുന്നത്.

പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന അതിരപ്പിള്ളി, വെറ്റിലപ്പാറ, മലയാറ്റൂർ എന്നീ ജനവാസ മേഖലകളിലാണ് സൗരോർജ വേലികൾ സ്ഥാപിച്ചത്. മാസങ്ങൾക്ക് മുൻപ് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാൽ വന്യമൃഗങ്ങളെ അകറ്റിനിർത്താന്‍ ഇതുവരെ സ്ഥാപിച്ച സൗരോർജ തൂക്കുവേലികളും ഫെൻസിംഗുകളും തിരിഞ്ഞ് നോക്കാന്‍ ആളില്ല.

അതിരപ്പിള്ളിയിലും വെറ്റിലപ്പാറയിലുമായി സ്ഥാപിച്ച സൗരോർജ വേലികൾ പലയിടങ്ങളിലായി കാട്ടാനകൾ തകർത്തു. വേലികൾ തകർന്നതോടെ മറ്റ് വന്യമൃഗങ്ങൾക്കും ജനവാസമേഖലയില്‍ തടസമില്ലാതെ സ്വര്യവിഹാരം നടത്താമെന്ന നിലയാണ്. കോടികൾ ചെവിട്ട പദ്ധതിയുടെ നടത്തിപ്പിലും മുന്നോട്ടുപോക്കിലും വലിയ അനാസ്ഥയാണ് സംഭവിച്ചതെന്ന് പ്രദേശവാസികളും കർഷകരും ആരോപിക്കുന്നു.

അതിരപ്പള്ളിയിലെ വിരിപ്പാറ മുതൽ കണ്ണൻകുഴിതോട് വരെയുള്ള സൗരോർജ തൂക്കുവേലി തകർന്നു കഴിഞ്ഞു. വെട്ടിക്കുഴി മുതൽ പിള്ളപ്പാറ വരെ സൗരോർജവേലി ഉണ്ടെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നില്ല. വനംവകുപ്പ് തിരിഞ്ഞുനോക്കാത്ത ഭൂരിഭാഗം പ്രദേശങ്ങളിലും സൗരോർജ വേലികളും ഫെൻസിങ്ങുകളും നാശത്തിന്‍റെ വക്കിലാണ്. മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമായി തുടരുമ്പോൾ, വലിയ പ്രതീക്ഷയേകിയ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടരുത് എന്നാണ് പ്രദേശവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

SCROLL FOR NEXT