തൃശൂർ: അച്ചൻകോവിലിലെ ആദിവാസി കുഞ്ഞുങ്ങളുടെ ദുരവസ്ഥയിൽ കടുത്ത നടപടിയൊരുങ്ങി സർക്കാർ. ആദിവാസി ദമ്പതികളുടെ നവജാത കുഞ്ഞുങ്ങൾക്ക് മതിയായ പരിചരണം ലഭിക്കാതെ ദുരിതത്തിലായെന്ന വാർത്ത ന്യൂസ് മലയാളം പുറത്ത് കൊണ്ടു വന്നതോടെയാണ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി വിഷയത്തിൽ ഇടപെട്ടത്.
ആദിവാസി വീടുകളിലെത്തി അവരുടെ ക്ഷേമം അന്വേഷിക്കേണ്ട എസ്‌ടി പ്രൊമോട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. ആദിവാസി ദമ്പതികളുടെ വീട്ടിൽ എസ്‌ടി പ്രൊമോട്ടർ പോയിരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രി പറഞ്ഞു.
ആദിവാസി യുവതിക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാത്തതിനാൽ തിളപ്പിച്ചാറിയ വെള്ളമാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എസ് ടി പ്രൊമോട്ടർ നിർബന്ധമായും ചെയ്യേണ്ട ജോലി പോലും ചെയ്തില്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പ് തലത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു.